
തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെക്കിട്ടാൻ സഹായിക്കാമോ എന്ന് ചോദിച്ച വയാേധികയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചതിൽ വ്യാപക വിമർശനം. സുരേഷ് ഗോപിയുടെ പരാമർശം കേട്ടപ്പോൾ വലിയ സങ്കടമായെന്നായിരുന്നു പരിഹാസത്തിനിരയായ വയോധിക ആനന്ദവല്ലിയുടെ പ്രതികരണം. ഒരു സ്വകാര്യ വാർത്താചാനലിനോടായിരുന്നു അവർ പ്രതികരിച്ചത്.
'തിരഞ്ഞെടുപ്പ് സമയത്ത് വന്നപ്പോൾ കരുവന്നൂരിലെ പണം വാങ്ങിനൽകുമെന്ന് പറഞ്ഞിരുന്നു. അതുപ്രതീക്ഷിച്ചാണ് അവിടെ ചെന്നത്. പക്ഷേ മറുപടി കേട്ടപ്പോൾ വലിയ സങ്കടമായി. ഒന്നേമുക്കാൽ ലക്ഷം രൂപയാണ് കിട്ടാനുള്ളത്. സഹകരണ സംഘക്കാർ പറ്റിച്ചപണിയാണ്. ചികിത്സാച്ചെലവിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. സഹകരണ സംഘക്കാരും സുരേഷ് ഗോപിയും സഹായിച്ചില്ല. മരുന്നുവാങ്ങാൻ മാസം 10000 രൂപ വച്ചെങ്കിലും തന്നാൽ ജീവിതം മുന്നോട്ടുപോകുമായിരുന്നു. ചെറുപ്പംതൊട്ടേ സിനിമയിലൊക്കെ കണ്ടുവളർന്ന ആളായിരുന്നു സുരേഷ് ഗോപി. ആ പ്രതീക്ഷയിലാണ് ഇന്നലെ പോയി കണ്ടത്'- ആനന്ദവല്ലി പറഞ്ഞു.
ഇന്നലെ ഇരിങ്ങാലക്കുടയിലെ കലുങ്ക് സംവാദത്തിനിടെയാണ് ആനന്ദവല്ലിയെ സുരേഷ് ഗോപി പരിഹസിച്ചത്. 'കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം ജനങ്ങൾക്ക് തിരികെ വാങ്ങിത്തരാൻ മുഖ്യമന്ത്രി തയ്യാറാണോ? ആ പണം ഇഡിയിൽ നിന്ന് സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാനിത് പറയുന്നത്. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ ' എന്നാണ് നിക്ഷേപം തിരികെക്കിട്ടാൻ സഹായിക്കാമോ എന്ന് ചോദിച്ച ആനന്ദവല്ലിയോട് സുരേഷ് ഗോപി ആദ്യം പറഞ്ഞത്. അപ്പോൾ മുഖ്യമന്ത്രിയെ തിരക്കിപ്പോകാൻ തനിക്ക് പറ്റുമോ എന്ന് വയോധിക തിരികെ ചോദിച്ചു. തുടർന്നായിരുന്നു പരിഹാസം നിറഞ്ഞ മറുപടി 'എന്നാൽപ്പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ, നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്' എന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. ഇത് കേട്ടതും ചുറ്റും കൂടിനിന്നവരെല്ലാം പൊട്ടിച്ചിരിച്ചു.
'സാർ നിങ്ങൾ ഞങ്ങളുടെ മന്ത്രിയല്ലേ ' എന്ന് വയോധിക തിരിച്ച് ചോദിച്ചു. 'അല്ല ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. അതിനുള്ള മറുപടിയും ഞാൻ നൽകിക്കഴിഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക ഇഡിയിൽ നിന്ന് സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ' -എന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സുരേഷ് ഗോപിക്കെതിരെ വിമർശനം ശക്തമായത്. ഇതിന് തൊട്ടുമുമ്പുനടന്ന കലുങ്ക് സംവാദത്തിൽ വയോധികന്റെ അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചതും വിവാദമായിരുന്നു.