
മുംബയ്: ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുകയാണെന്ന തരത്തിലെ വാർത്തകൾ കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രചരിക്കുന്നുണ്ട്. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ബച്ചൻ കുടുംബത്തിനൊപ്പം ഐശ്വര്യയും മകളും വരാത്തതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്. നടി നിമ്രിത് കൗറുമായി അഭിഷേക് പ്രണയത്തിലാണെന്നും ഇതാണ് ഐശ്വര്യയുമായുള്ള വിവാഹജീവിതത്തിൽ വിള്ളൽ വീഴ്‌ത്തിയതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഐശ്വര്യ ബച്ചൻ വീട്ടിലല്ല, മറിച്ച് സ്വന്തം വീട്ടിലാണ് താമസമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
ഇപ്പോഴിതാ അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തുകയാണ് പരസ്യ സംവിധായകനായ പ്രഹ്ളാദ് കക്കർ. ഐശ്വര്യയുടെ കരിയറിന്റെ തുടക്കകാലം മുതൽ ഒപ്പമുള്ളയാളാണ് പ്രഹ്ളാദ്. മുംബയിൽ ഐശ്വര്യയുടെ അമ്മ താമസിക്കുന്ന അതേ കെട്ടിടത്തിലാണ് കക്കറും താമസിക്കുന്നത്. ഒരു അഭിമുഖത്തിലാണ് ഐശ്വര്യയുടെയും അഭിഷേകിന്റെ വേർപിരിയൽ വാർത്തയിൽ കക്കർ പ്രതികരിച്ചത്.
താരദമ്പതികളുടെ വേർപിരിയിൽ വാർത്തകൾ സത്യമല്ലെന്നാണ് പ്രഹ്ളാദ് കക്കർ പറയുന്നത്. 'അഭ്യൂഹങ്ങൾ സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. ആഷ് ഇവിടെ എത്രസമയമാണ് ചെലവഴിക്കുന്നതെന്ന് എനിക്കറിയാം. അതിനൊരു കാരണവുമുണ്ട്. അവരുടെ അമ്മയ്ക്ക് സുഖമില്ല. രാവിലെ മകളെ സ്‌കൂളിൽ അയച്ചതിനുശേഷം മൂന്ന് മണിക്കൂർ അവർ അമ്മയോടൊപ്പം ചെലവഴിക്കും. ശേഷം ഒരുമണിക്ക് മകളെ വിളിച്ചുകൊണ്ട് ബച്ചൻ വീട്ടിലേയ്ക്ക് പോകും. ചിലപ്പോൾ അഭിഷേകും അമ്മയെ കാണാൻ വരാറുണ്ട്. അവരിപ്പോഴും ബച്ചൻ വീട്ടിലെ മരുമകളാണ്. അവരാണ് ഇപ്പോഴും വീട് നിയന്ത്രിക്കുന്നത്'- കക്കർ വ്യക്തമാക്കി.