mohini

മലയാളികൾക്ക് ഇന്നും ഏറെ പ്രിയങ്കരിയായ നടിയാണ് മോഹിനി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 1992ൽ പുറത്തിറങ്ങിയ 'നാടോടി' എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗസൽ, സെെന്യം, കാണാക്കിനാവ്, ഈ പുഴയും കടന്ന്, മന്ത്രികക്കുതിര, കുടുംബക്കോടതി, മായപ്പൊന്മാൻ, പഞ്ചാബി ഹൗസ്, പട്ടാഭിഷേകം തുടങ്ങിയ നിരവധി മലയാളം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. തമിഴിലും വളരെ തിരക്കേറിയ നടിയായിരുന്നു മോഹിനി.

2000ത്തിന് ശേഷം സിനിമയിൽ സജീവമല്ലാതിരുന്ന മോഹിനി കളക്ടർ, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ രണ്ട് സിനിമകളിൽ മാത്രമാണ് മലയാളത്തിൽ ചെയ്തത്. ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മോഹിനി 2006ലാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇപ്പോഴിതാ നടി അടുത്തിടെ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിവാഹത്തിന് ശേഷം കുട്ടികൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിച്ചിട്ടും താൻ വിഷാദത്തിലേക്ക് പോയെന്നാണ് നടി പറയുന്നത്. കൂടാതെ ഏഴ് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും മോഹിനി വെളിപ്പെടുത്തി.

'ഒരിക്കലും ഒരു ജോത്സ്യൻ ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അത് ചിരിച്ച് തള്ളി. അത് ഒരു സിനിമയുടെ കഥയാണെന്ന് മാത്രമാണ് ഞാൻ കരുതിയിരുന്നത്. അത്തരം കാര്യങ്ങളിൽ എനിക്ക് തീരെ വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് അത് സത്യമാണെന്ന് എനിക്ക് മനസിലായി. അങ്ങനെ അല്ലെങ്കിൽ ഒരു പ്രശ്നവും ഇല്ലാതിരുന്ന ഞാൻ എന്തിനാണ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്. അതും ഏഴ് തവണ. അതിനുള്ള പരിഹാരം തേടി പോയമ്പോഴാണ് യേശു എനിക്ക് വഴികാട്ടി തന്നത്. ക്രിസ്തുവിലുള്ള വിശ്വാസമാണ് എന്നെ വിഷാദത്തിൽ നിന്നും കരകയറ്റിയത്'- മോഹിനി വ്യക്തമാക്കി.