
അമരാവതി: അദ്ധ്യാപികയുടെ മർദനമേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റതായി പരാതി. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കനൂരിലാണ് സംഭവം. ഹിന്ദി അദ്ധ്യാപികയായ സലീമ ബാഷയ്‌ക്കെതിരെയാണ് പരാതി. സാത്വിക നാഗശ്രീ (11) എന്ന കുട്ടിയുടെ രക്ഷിതാക്കളാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
സെപ്‌തംബർ പത്തിനായിരുന്നു പരാതിക്കാസ്‌പദമായ സംഭവം. കുട്ടി ക്ലാസിൽ വികൃതി കാണിച്ചതിനെത്തുടർന്നുള്ള ദേഷ്യത്തിലാണ് അദ്ധ്യാപിക അടിച്ചതെന്ന് പൊലീസ് പറയുന്നു. ടീച്ചർ ബാഗ് ഉപയോഗിച്ച് തലയ്‌ക്ക് അടിച്ചപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. ബാഗിൽ സ്റ്റീൽ ചോറ്റുപാത്രം ഉണ്ടായിരുന്നു. ഈ പാത്രം തലയിലിടിച്ച് കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലുണ്ടായി.
കുട്ടിയുടെ അമ്മ വിജേത ഇതേ സ്‌കൂളിലെ സയൻസ് അദ്ധ്യാപികയാണ്. അടി കിട്ടിയ ശേഷം വീട്ടിലെത്തിയതോടെ കുട്ടിക്ക് തലവേദനയും തലകറക്കവും അനുഭവപ്പെട്ടു. സ്‌കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയായി. തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചു. ആദ്യം പുങ്കനൂരിലെ ആശുപത്രിയിലും പിന്നീട് ഡോക്‌ടറുടെ നിർദേശപ്രകാരം വിദഗ്ദ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അവിടെ നടത്തിയ സിടി സ്‌കാൻ പരിശോധനയിലാണ് കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലുള്ളതായി കണ്ടെത്തിയത്.
തുടർന്ന് രക്ഷിതാക്കൾ മർദിച്ച അദ്ധ്യാപികയ്‌ക്കും പ്രിൻസിപ്പലിനുമെതിരെ പൊലീസിൽ പരാതി നൽകി. പുങ്കനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടർന്ന് രോഷാകുലരായ രക്ഷിതാക്കൾ സ്‌കൂളിലെത്തി അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധിച്ചു.