
റോക്കറ്റിനെക്കാൾ വേഗത്തിലാണ് സ്വർണത്തിന്റെ വില കുതിച്ചുയരുന്നത്. ഇപ്പോഴത്തെ നില തുടർന്നാൽ അധികം വൈകാതെ തന്നെ പവന് ഒരുലക്ഷം രൂപയ്ക്ക് മുകളിൽ പോയേക്കും എന്നാണ് കരുതുന്നത്. ഇതിന് പലപലകാരണങ്ങളാണ് ആ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അടുത്തകാലത്തെങ്ങും സ്വർണത്തിന് വിലക്കുറവുണ്ടാകില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് സ്വർണ ഉപഭോഗത്തിൽ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. കേരളത്തിലും സ്വർണ ഉപഭോഗം ഒട്ടും കുറവില്ല. കല്യാണത്തിന് വധു അണിയുന്ന സ്വർത്തിന്റെ അളവുനോക്കി സ്റ്റാറ്റസ് കണക്കാക്കുന്നവരും നിരവധിയാണ്.
പണക്കാരെയും പാവങ്ങളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് സ്വർണവില ഉയരുമ്പോൾ എവിടെയാണ് സ്വർണത്തിന് ഏറ്റവുമധികം വിലക്കുറവ് എന്നാണ് ആഭരണപ്രേമികൾ ഇപ്പോൾ തിരക്കുന്നത്. യുഎഇ എന്നതായിരിക്കും കൂടുതൽപ്പേരുടെയും മനസിലെത്തുന്ന ഉത്തരം. എന്നാൽ ദുബായിയെക്കാൾ കുറഞ്ഞവിലയ്ക്ക് മറ്റുചില രാജ്യങ്ങളിൽ നിന്ന് സ്വർണം വാങ്ങാനാവുമെന്നതാണ് സത്യം. ആ രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം. വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ഇവിടത്തെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുമെന്നകാര്യം മറക്കാതിരിക്കുക.
ലോക പൊലീസായ അമേരിക്കയിലാണ് സ്വർണവില ഏറ്റവും കുറവ്. ലോകത്ത് ഏറ്റവുംവലിയ സമ്പദ്‌വ്യവസ്ഥയും സ്വർണശേഖരവുമുള്ള രാജ്യമാണ് അമേരിക്ക. ഇവിടത്തെ സ്വർണശേഖരത്തിന്റെ അളവ് കേട്ടാൽ ആരും അന്തംവിട്ടുപോകും. ഏകദേശം 8,000 ടണ്ണിലധികം വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടേത് 800 ടണ്ണിന് മുകളിലാണെന്നാണ് അടുത്തിടെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ പറയുന്നത്. എന്തെങ്കിലും പ്രതിസന്ധിവരുമ്പോൾ രാജ്യത്തെ പൊന്നുപോലെ സംരക്ഷിക്കുന്നതാണ് ഓരോ രാജ്യത്തിന്റെയും കരുതൽ സ്വർണം.അമേരിക്കയിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8,586 രൂപ മാത്രമാണ്. 22 ക്യാരറ്റാകുമ്പോൾ വീണ്ടും വിലകുറയും. ഗ്രാമിന് 7,874 രൂപ മാത്രമേ ഉള്ളൂ. ഇന്ന് കേരളത്തിൽ ഗ്രാമിന് 10,190 രൂപയാണ്.
ഓസ്ട്രേലിയയിലും മഞ്ഞലോഹത്തിന് വില കുറവാണ്. ഇവിടെ 24 ക്യാരറ്റ് സ്വർണത്തിന് 8,602 രൂപയും 22 ക്യാരറ്റിന് 7,889 രൂപയുമാണ് ഉള്ളത്. ഇവിടെ വില നമ്മുടെ നാട്ടിലേതുപോലെ വളരെപ്പെട്ടെന്ന് കൂടുകയും കുറയുകയുമില്ല എന്നതാണ് മറ്റൊരു പ്രത്യേകത. സ്ഥിരമായ ഡിമാൻഡാണ് ഇതിന് കാരണം. മാത്രമല്ല രാജ്യത്തുള്ള ഖനികളിൽനിന്ന് ആവശ്യത്തിന് സ്വർണവും ലഭിക്കുന്നുണ്ട്.
കൊളംബിയ, മലാവി, സിംഗപ്പൂർ, ഇൻഡോനേഷ്യ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലും സ്വർണത്തിന് തീരെ വിലകുറവാണ്. ഇൻഡോനേഷ്യ സ്വർണത്തിന്റെ ഒരു ഹോട്ട്‌സ്പോട്ടാണെന്ന് ഒട്ടുമിക്കവർക്കും അറിയില്ലെന്നത് സത്യമാണ്. രാജ്യത്തുനിന്ന് കൂടുതൽ സ്വർണം ഉല്പാദിപ്പിക്കുന്നതും വികസിക്കുന്ന വിപണിയും ഉള്ളതിനാൽ മത്സരാധിഷ്ഠിതമായി വില നിലനിറുത്താൻ ഭരണകർത്താക്കളും വ്യാപാരികളും ശ്രമിക്കാറുണ്ട്.
ലോകത്ത് ഏറ്റവും പരിശുദ്ധ സ്വർണം ലഭിക്കുന്ന രാജ്യങ്ങളിലൊന്ന് സ്വിറ്റ്‌സർലൻഡാണ്. പരിശുദ്ധി, സ്ഥിരത, ഗുണനിലവാരത്തെ അപേക്ഷിച്ച് കുറഞ്ഞവില എന്നിവ സ്വിറ്റ്‌സർലൻഡിനെ സ്വർണപ്രേമികളുടെ പ്രിയരാജ്യമാക്കുന്നു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഈ രാജ്യങ്ങളിൽ നിന്ന് സ്വർണം വാങ്ങി ഇന്ത്യയിലെത്തിക്കാനുള്ള ചെലവുംകൂടി ചേർത്തുനോക്കിയാൽ നമ്മുടെ നാട്ടിൽ നിന്ന് സ്വർണം വാങ്ങുന്നതായിരിക്കും നന്ന് എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.