snake

പാമ്പിനെ പേടിയില്ലാത്തവർ വളരെ കുറവാണ്. ഇന്ത്യയിൽ ഗ്രാമ - നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും പാമ്പിനെ കാണാപ്പെടുന്നു. ഇതിൽ കേരളത്തിൽ കാണപ്പെടുന്ന ഏറ്റവും വിഷമേറിയ പാമ്പ് രാജവെമ്പാലയാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഏറ്റവുമധികം മനുഷ്യർക്ക് അപകടം ഉണ്ടാക്കുന്ന ടോപ് ഫോർ എന്ന്‌ വിളിക്കാവുന്ന പാമ്പുകൾ മൂർഖൻ, ശംഖുവരയൻ, ചേനത്തണ്ടൻ, അണലി എന്നിവയാണ്. ആകെ 300 തരത്തിലുള്ള പാമ്പുകളാണ് ഇന്ത്യയിലുള്ളത്. അതിൽ 60 തരത്തിനാണ് വിഷമുള്ളത്.

പാമ്പിനെ കണ്ടാൽ ഉടൻ കൊല്ലാനാണ് ആളുകൾ ശ്രമിക്കുന്നത്. വിഷപ്പാമ്പുകളെന്നോ വിഷമില്ലാത്തവയെന്നോ നോക്കാതെ അവയെ തല്ലിക്കൊല്ലുന്നു. എന്നാൽ പാമ്പുകളെ കൊല്ലരുതെന്നാണ് വന്യജീവി നിയമത്തിലടക്കം പറയുന്നത്. ഇന്ത്യയിലെ 80 ശതമാനം പാമ്പുകളും വിഷരഹിതമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരത്തിൽ പാമ്പുകളെ കൊല്ലുന്നത് മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമാണെന്ന് ഹെർപ്പറ്റോളജിസ്റ്റുകൾ പറയുന്നു. 'നമ്മുടെ ചുറ്റും കാണുന്ന ചില പാമ്പുകൾ ജീവന് ഭീഷണിയല്ല. എലികളുടെയും പ്രാണികളുടെയും എണ്ണം നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു'- വന്യജീവി ഉദ്യോഗസ്ഥൻ പറയുന്നു. വിഷമില്ലാത്തതും എന്നാൽ തെറ്റിദ്ധാരണയുടെ പേരിൽ മനുഷ്യർ കൊല്ലുന്നതുമായ ചില പാമ്പുകൾ ഇവയാണ്.

snake

ചേര

ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന പാമ്പാണ് ചേര. മഞ്ഞചേര, കരിഞ്ചേര തുടങ്ങി പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. നീളം കൂടിയ വിഷമില്ലാത്ത പാമ്പായ ഇവ പൊതുവെ കൃഷിസ്ഥലങ്ങളിലാണ് കൂടുതലായി കാണുന്നത്. കൃഷിയെ നശിപ്പിക്കുന്ന എലികളെ തിന്നുകയും കർഷകരെ സഹായിക്കുകയുമാണ് ചേര ചെയ്യുന്നത്. എന്നാൽ മൂർഖനാണെന്ന് തെറ്റിദ്ധരിച്ച് പലപ്പോഴും ചേരയെ ആളുകൾ കൊല്ലാറുണ്ട്.

snake

നീർക്കോലി

കേരളത്തിൽ നിരവധിയായി കാണപ്പെടുന്ന ഒന്നാണ് നീർക്കോലി. കുളങ്ങൾ, കനാലുകൾ, പുഴകൾ എന്നിവയിലാണ് പൊതുവെ കാണപ്പെടുന്നത്. വിഷമില്ലാത്ത ഇവ തവളയെയും മത്സ്യങ്ങളെയുമാണ് കൂടുതലായി കഴിക്കുന്നത്. മറ്റ് ചെറു ജീവികളേയും ഭക്ഷിക്കുന്നു. മനുഷ്യർക്ക് നിരുപദ്രവകാരിയായ ജീവിയാണെങ്കിലും അപകടഘട്ടത്തിൽ പെട്ടെന്ന് പ്രകോപിക്കപ്പെടുകയും ആക്രമിക്കുകയും ചെയ്യുന്നു. ഇവയ്ക്ക് വിഷം ഇല്ല.

snake

ഇരുതലമൂരി

ഇരുതലമൂരി എന്ന പാമ്പിനെക്കുറിച്ച് കേൾക്കാത്തവർ കേരളത്തിൽ വളരെ വിരളമാണ്. കൂടുതലും ഇവയെ വിൽക്കാൻ ശ്രമിക്കുമ്പോൾ പിടികൂടുന്ന വാർത്തകളാണ് നാം കേൾക്കുന്നത്. പെരുമ്പാമ്പിനോടും അണലിയോടും ഒറ്റനോട്ടത്തിൽ സാദൃശ്യമുള്ള ഈ പാമ്പിനെ കേരളത്തിന്റെ വിവിധ പ്രദേശങ്ങൾ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. ഇരുതലമൂരി എന്ന പേര് കൂടാതെ ഇരുതലപ്പാമ്പ്, ഇരട്ടത്തലയൻ എന്നിങ്ങനെയുള്ള പേരുകളിലും ഇവ അറിയപ്പെടുന്നു. തലയും വാലും കാഴ്ചയിൽ ഒരുപോലെയാണ്. ശരീരത്തിന് മറ്റ് പാമ്പുകളെപ്പോലെ തിളക്കമൊന്നുമില്ല. നിരുപ്രദകാരികളായ ഇവ ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയിൽ ചെലവഴിക്കുന്നു.

snake

പൂച്ചക്കണ്ണൻ ( Cat Snake)

ദക്ഷിണേഷ്യയിൽ കണ്ടുവരുന്ന നേരിയ വിഷം മാത്രമുള്ള ഒരു പാമ്പാണ് പൂച്ചക്കണ്ണൻ. ഇത് മനുഷ്യരെ ഉപദ്രവിക്കില്ല. ഇവയുടെ രൂപം കണ്ട് ഭയന്ന് പലരും ഇതിനെ തല്ലിക്കൊല്ലുന്നു. എന്നാൽ ഇവ നിരുപ്രദകാരിയായ ഇനവും ഇവയുടെ ചെറിയ വിഷം മനുഷ്യന് മാരകവുമല്ല.

snake

വുൾഫ് സ്‌നേക്ക്

വിഷമില്ലാത്ത ഒരു ഇനമാണ് വുൾഫ് സ്നേക്ക്. എന്നാൽ ശംഖുവരയന്റെ രൂപ സാദൃശ്യം ഉള്ളതിനാൽ ശംഖുവരയനാണെന്ന് തെറ്റിദ്ധരിച്ച് പലപ്പോഴും ഇതിനെ ആളുകൾ കൊല്ലാറുണ്ട്. എന്നാൽ വിഷമില്ലാത്ത ഒരു നിരുപ്രദകാരിയാണ് ഈ പാമ്പ്. രാത്രിയാണ് ഇവ ഇരതേടാറുള്ളത്. മിനുസമുള്ള ചുവരിലൂടെ പോലും ഇവയ്ക്ക് അനായാസം കയറാൻ കഴിയും. പല്ലി, തവള എന്നിവയാണ് പ്രധാന ഭക്ഷണം.

ഭക്ഷ്യശൃംഖല

ആവശ്യമില്ലാതെ പാമ്പുകളെ കൊല്ലുന്നത് സ്വാഭാവിക ഭക്ഷ്യശൃംഖലയെ തടസപ്പെടുത്തുന്നുവെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പാമ്പിനെ കൊല്ലുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് പലർക്കും അറിയില്ല. ഒരു പാമ്പിനെ കണ്ടാൽ കൊല്ലുന്നതിന് മുൻപ് വനംവകുപ്പിനയോ രക്ഷാപ്രവർത്തകരയോ ബന്ധപ്പെടണമെന്ന് വനം ഉദ്യോഗസ്ഥർ പറയുന്നു.

പാമ്പ് കടിയേറ്റാൽ അമിതമായി പേടിക്കുകയോ ആവശ്യമില്ലാതെ മരുന്ന് ഉപയോഗിക്കുകയോ ചെയ്യരുത്. ഉടൻ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. 'വിഷമുള്ളതും വിഷമില്ലാത്തതുമായ ജീവികൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് മനുഷ്യജീവനെയും നിരപരാധികളായ ജീവികളെയും രക്ഷിക്കും' - വിദഗ്ധർ പറയുന്നു.