ramesh-pisharody

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നുവെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. പരാതിക്കാരിയുമായുളള രാഹുലിന്റെ ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നതിൽ കൃത്യമായ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് അനുഭാവി കൂടിയായ രമേശ് പിഷാരടി.

'രാഹുൽ ജാഗ്രത പുലർത്തണമായിരുന്നു. രാഹുലും പരാതിക്കാരിയും വ്യക്തിപരമായി സംസാരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ എന്താണുളളതെന്ന് നമുക്ക് അറിയില്ലല്ലോ. അതൊക്കെ ഏകപക്ഷീയമായാണ് നമ്മൾ കേട്ടത്. അപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല. ആരോപണങ്ങൾ തെളിയും രാഹുലിനെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ല. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. ഈ വിഷയത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരായ വിമർശനങ്ങളും സ്വാഭാവികമാണ്. രാഹുലിന്റെ സുഹൃത്തായതിനാൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകും. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു'- രമേശ് പിഷാരടി പറഞ്ഞു.

അതേസമയം, വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമലയിൽ ഇന്ന് ദർശനം നടത്തിയതും ശ്രദ്ധേയമായി. പുലർച്ചെ അ‌ഞ്ചിന് നട തുറന്നപ്പോൾ ദർശനം നടത്തുകയായിരുന്നു. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് മല ചവിട്ടിയത്. കഴിഞ്ഞ ദിവസമാണ് രാഹുൽ ശബരിമലയിൽ എത്തിയത്. രാത്രി പത്ത് മണിയോടെ പമ്പയിൽ എത്തി. നട അടച്ചതിനാൽ ഇന്ന് രാവിലെ ദർശനം നടത്തുകയായിരുന്നു.