king-cobra

മാനന്തവാടി: പേരിയ വള്ളിത്തോട് 38 ൽ നിന്നും രാജവെമ്പാലയെ പിടികൂടി. തോട്ടിൽ നിന്നാണ് പാമ്പ് പിടിയിലായത്. തോട്ടിൽ ഞണ്ട് പിടിക്കുന്നതിനിടെ പ്രദേശവാസികളാണ് രാജവെമ്പാലയെ കണ്ടത്. ഉടനടി വനം വകുപ്പിനെ വിവരമറിയിക്കുകയും വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ രാജഗോപാലന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാട് പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയച്ചു. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു.

ഉൾക്കാടുകളിൽ ജീവിക്കാനിഷ്ടപ്പെടുന്ന പാമ്പാണ് രാജവെമ്പാല. ഇവ സാധാരണഗതിയിൽ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ അധികം വരാറില്ല. പാമ്പുകളുടെ രാജാവെന്ന് വിശേഷിപ്പിക്കുമ്പോഴും കൂട്ടത്തിലെ നാണക്കാരൻ കൂടിയാണ് രാജവെമ്പാലകൾ. തന്റെ ജീവന് ഭീഷണിയാകുമ്പോൾ മാത്രമേ രാജവെമ്പാല തിരിച്ച് ആക്രമിക്കാറുള്ളൂ. രാജവെമ്പാലകൾ പൊതുവേ മനുഷ്യരെ ഉപദ്രവിക്കുന്നത് പരമാവധി അവഗണിക്കാറുണ്ട്.

ഇരയെ ആക്രമിക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നൽകുന്ന പാമ്പുകൾ കൂടിയാണവ. പാമ്പുകളുടെ മുരൾച്ച (hiss) യാണ് പ്രധാന മുന്നറിയിപ്പ്. പ്രതിയോഗിയെ ഭയപ്പെടുത്താനും ഈ ശബ്ദം അവ ഉപയോഗിക്കാറുണ്ട്. വലിയ ശബ്ദത്തിലാണ് രാജവെമ്പാലകൾ മുരളുക. തലയുടെ ഭാഗം വികസിപ്പിക്കുന്നതാണ് ആക്രമിക്കുന്നതിന് മുമ്പ് ഇവ നല്‍കുന്ന മറ്റൊരു മുന്നറിയിപ്പ്. ഇങ്ങനെ ചെയ്യുന്നതിലൂടെ തന്റെ ആകാര വലുപ്പം കാണിച്ച് പ്രതിയോഗിയെ ഭയപ്പെടുത്തുകയെന്ന ഉദ്ദേശവും രാജവെമ്പാലകള്‍ക്കുണ്ട്. അതുപോലെ തന്നെ നിലത്ത് നിന്ന് ഉയര്‍ന്ന് ശൗര്യം പ്രകടിപ്പിച്ചും ആക്രമിക്കുന്നതിന് മുമ്പ് രാജവെമ്പാലകള്‍ മുന്നറിയിപ്പ് നൽകും.