ahan

കഴിഞ്ഞ കുറച്ചുനാളുകളായ ഒരു കൊച്ചുമിടുക്കന്റെ ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'- എന്ന വലിയ പാഠമായിരുന്ന ആ ഉത്തരക്കടലാസിലുണ്ടായത്. തലശ്ശേരി സ്വദേശിയായ മൂന്നാം ക്ലാസുകാരൻ അഹാന്റെ ഉത്തരക്കടലാസാണിത്.

കുട്ടിയുടെ വാക്കുകൾ വളരെപ്പെട്ടെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. പലരും ഇത് വാട്സാപ്പ് സ്റ്റാറ്റസായും ഇൻസ്റ്റഗ്രാം സ്റ്റോറിയായൊക്കെ പോസ്റ്റ് ചെയ്തു. സംഭവം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിലും പെട്ടു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അഹാനെ നേരിട്ടുകണ്ടിരിക്കുകയാണ്. കുട്ടിയെ കണ്ടതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.."

പരീക്ഷാ പേപ്പറിൽ ഈ വലിയ സന്ദേശം കുറിച്ചുവെച്ച മിടുക്കനെ ഇന്ന് നിയമസഭയിൽ വെച്ച് കണ്ടുമുട്ടി. തലശ്ശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അഹാൻ അനൂപ് ആണ് ആ താരം.

സഭയിലെത്തിയ അഹാനെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും പക്വതയാർന്നതും മൂല്യവത്തായതുമായ ഒരു ചിന്ത പങ്കുവെച്ച അഹാൻ ഏവർക്കും മാതൃകയാണ്. അറിവിനൊപ്പം തിരിച്ചറിവും നേടുന്ന ഒരു തലമുറ ഇവിടെ വളർന്നുവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണിത്.

ഇതുപോലുള്ള കുഞ്ഞുങ്ങളാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തും ഭാവിയും. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയാണ് മുന്നേറുന്നത്. അഹാനും അവനെ ഈ നിലയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച അധ്യാപകർക്കും രക്ഷിതാക്കൾക്കും എന്റെ അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട അഹാന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.