
കൊല്ലം: യു.കെ റിസർച്ച് ആൻഡ് ഇന്നവേഷൻ ഏജൻസിയുടെ 26.38 കോടിയുടെ വമ്പൻ റിസർച്ച് ഫെലോഷിപ്പ് നേടിയതിന്റെ അഭിമാനത്തിലാണ് പാരിപ്പള്ളി സ്വദേശി ആരതി റാം. ഒടിഞ്ഞ അസ്ഥികൾ കൂട്ടിച്ചേർക്കുന്നതിനുള്ള ജെൽ വികസിപ്പിക്കുന്നതിലാണ് ഗവേഷണം നടത്തിയത്. സമ്മർദ്ദത്തിലൂടെ ശരീരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പീസോ ഇലക്ട്രിസിറ്റി പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് 'ബയോ ഇലക്ട്രിക് ഇംപ്ലാന്റ്' ജെൽ വികസിപ്പിക്കുന്നത്.
അസ്ഥികൾ ഒടിയുമ്പോൾ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയ വേഗത കുറയും. ഈ വേഗതക്കുറവാണ് കൂടിച്ചേരൽ വൈകിപ്പിക്കുന്നത്. ബയോ ഇലക്ട്രിക് ഇംപ്ലാന്റ് ജെൽ ഒടിവ് സംഭവിച്ച ഭാഗത്ത് കുത്തിവച്ചാൽ കോശങ്ങൾ ഉദ്ദീപിക്കപ്പെട്ട് അശയവിനിമയത്തിന്റെ വേഗത വർദ്ധിക്കും. ഇതോടെ അസ്ഥികൾ വേഗത്തിൽ കൂടിച്ചേരും. ഓപ്പറേഷൻ കൂടാതെ ഒടിവ് പരിഹരിക്കാം.
ഗവേഷണം ഫലപ്രദമായാൽ വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും. വൃദ്ധർക്ക് കൂടുതൽ ഗുണം ചെയ്യും. ചികിത്സാ ചെലവും കുത്തനെ കുറയും.
വിദഗ്ദ്ധ പാനലിന്റെ പരിശോധനയ്ക്കും അഭിമുഖത്തിനും ശേഷമാണ് ആരതി ആവശ്യപ്പെട്ട തുക ഫെലോഷിപ്പായി അനുവദിച്ചത്. ഇപ്പോൾ യു.കെ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലൈഫ് സയൻസ് അസി. പ്രൊഫസറാണ്. സർവകലാശാലയിൽ ആരതി സജ്ജമാക്കിയ റാംസ് ലാബിൽ വൈകാതെ ഗവേഷണം ആരംഭിക്കും. പാരിപ്പള്ളി കിഴക്കനേല അയോദ്ധ്യയിൽ പരേതനായ റിട്ട. സുബേദാർ മേജർ രാമചന്ദ്രക്കുറുപ്പിന്റെയും ശശികലയുടെയും മകളാണ്. ബ്രാഡ്ഫഡ് സർവകലാശാല ലക്ചറർ അഭീഷ് രാജൻ ഉണ്ണിത്താനാണ് ഭർത്താവ്. മകൾ ആരുഷി.
മലയാളം മീഡിയംകാരി
കിഴക്കനേല ഗവ. എൽ.പി.എസ്, തുമ്പോട് സി.എൻ.പി.എസ്, കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ മലയാളം മീഡിയത്തിലായിരുന്നു പഠനം. പാളയംകുന്ന് എച്ച്.എസ്.എസിൽ പ്ലസ് ടു പഠനത്തിനുശേഷം കൊല്ലം ഫാത്തിമാ കോളേജ്, കൊല്ലം എസ്.എൻ വനിത കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഫിസിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവുമെടുത്തു. കുസാറ്റിൽ നിന്ന് എംഫിലും ഉത്തര കൊറിയയിൽ നിന്ന് പി.എച്ച്.ഡിയും നേടിയ ശേഷമാണ് യു.കെയിലെത്തിയത്. ബ്രെയിൻ ട്യൂമർ സംബന്ധിച്ച ഗവേഷണത്തിന് 2020ൽ ബെർമിംഗ്ഹാം സർവകലാശാല 2.70 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ് നൽകിയിരുന്നു.