eggs

ശരീരത്തിന് ഏറ്റവും ഗുണകരമായ ആഹാരങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീനും മറ്റ് പോഷകങ്ങളും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ധാരാളം വിറ്റാമിനും ധാതുക്കളും അമിനോ ആസിഡുകളും ഇതിലുണ്ട്. ദിവസേന ഒരു മുട്ട കഴിക്കുന്നത് മികച്ച ആരോഗ്യത്തിന് മികച്ചതാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ മുട്ട കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെങ്കിൽ ആരോഗ്യത്തിന് പകരം ദോഷഫലങ്ങളാവും ലഭിക്കുക.

എണ്ണയിൽ പൊരിച്ചെടുക്കുന്ന മുട്ടയേക്കാൾ ആരോഗ്യപ്രദം ആവിയിൽ പുഴുങ്ങിയ മുട്ടയാണ് ആരോഗ്യപ്രദമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പുഴുങ്ങിയ മുട്ടയിൽ പ്രോട്ടീൻ അളവ് കൂടുതലാണ്. മാത്രമല്ല, പുഴുങ്ങിയ മുട്ടയിൽ കൊഴുപ്പും കാലറിയും കുറവായിരിക്കും. ശരീരഭാരം നിയന്ത്രിക്കുന്നവരും ജിമ്മിൽ വ്യായാമം ചെയ്യുന്നവരും ബോഡിബിൽഡർമാരുമെല്ലാം പുഴുങ്ങിയ മുട്ടയ്ക്കാണ് മുൻഗണന നൽകുന്നത്. എന്നാൽ പുഴുങ്ങിയ മുട്ടയോ പകുതി പുഴുങ്ങിയോ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരത്തിൽ പാകം ചെയ്യുന്ന മുട്ടയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾ ഉണ്ടായേക്കാം.

പച്ചമുട്ടയിൽ 'സാൽമൊണെല്ല' എന്ന ദോഷകരമായ ബാക്ടീരിയ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. മാത്രമല്ല, പക്ഷിപ്പനി വ്യാപകമാവുന്ന സമയങ്ങളിൽ ബാക്ടീരിയ അണുബാധയ്ക്കുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. ഭക്ഷ്യവിഷബാധ, ദഹനനാളത്തിന്റെ അസ്വസ്ഥത, വയറിളക്കം, വയറുവേദന, പനി എന്നിവയ്ക്കും സാൽമൊണെല്ല കാരണമാകാറുണ്ട്.

ഇ-കോളി, സാൽമൊണെല്ല, ക്ലെബ്‌സിയെല്ല എന്നിവ കന്നുകാലികളികളെ ബാധിക്കാറുണ്ട്. താറാവുകളിലും ഇതേ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കോ-അമോക്സിക്ലാവ്, സെഫാലോസ്പോരിൻ തുടങ്ങിയ ശക്തമായ ആൻറിബയോട്ടിക്കുകൾക്ക് പോലും ഇവയെ നശിപ്പിക്കാൻ സാധിക്കാത്തതാണ് ആശങ്കയുയർത്തുന്നതെന്ന് വെസ്റ്റ് ബംഗാൾ അനിമൽ ആന്റ് ഫിഷറി യൂണിവേഴ്‌സിറ്റി പ്രൊഫസർ സിദ്ധാർത്ഥ് ജൊയാർദാർ പറഞ്ഞു. മുട്ട നന്നായി പുഴുങ്ങി മാത്രം ഉപയോഗിക്കുക എന്നതാണ് ബാക്‌ടീരിയ അണുബാധ പിടിപെടാതിരിക്കാനുള്ള ഫലപ്രദമായ മാർഗമെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കി.