
മദ്യത്തിന് ക്ഷേത്രത്തിൽ ഒരു സ്ഥാനവുമില്ല. എന്നാൽ മദ്യക്കുപ്പികൾക്ക് ഈ ക്ഷേത്രത്തിൽ സ്ഥാനമുണ്ട്. തായ്ലൻഡിലെ ഒരു ബുദ്ധക്ഷേത്രത്തിലാണ് മദ്യക്കുപ്പികൾക്ക് ചെറുതല്ലാത്ത സ്ഥാനമുള്ളത്. ഒഴിഞ്ഞ ബിയർ ബോട്ടിൽ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.15 ലക്ഷം ബിയർബോട്ടിലുകളാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് കണക്കുകൾ കാണിക്കുന്നത്. നാലുപതിറ്റാണ്ട് മുമ്പാണ് ക്ഷേത്രം നിർമ്മിച്ചതെങ്കിലും അതിന്റെ പുതുമ ഇപ്പോഴും നശിച്ചിട്ടില്ല.
ബാങ്കോക്കിൽ നിന്ന് 500 കിലോമീറ്റർ അകലെ സിസാകെറ്റ് പ്രവിശ്യയില്‍ പണിത ക്ഷേത്രം 'വാത് പാ മഹാ ചേദി ക്യവ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ബിയർ ബോട്ടിലുകൾ ഉപയോഗിച്ചതിനാൽ 'ടെമ്പിള്‍ ഒഫ് മില്യണ്‍ ബോട്ടില്‍സ്' എന്നും അറിയപ്പെടുന്നുണ്ട്.
തങ്ങളുടെ പ്രദേശത്തെ മാലിന്യങ്ങൾ എങ്ങനെ നീക്കംചെയ്യാമെന്ന ഒരുകൂട്ടം ബുദ്ധസന്ന്യാസിമാരുടെ ആലോചനയാണ് ലോക പ്രശസ്തമായ ക്ഷേത്രത്തിന്റെ നിർമാണത്തിന് പിന്നിൽ. ആളുകൾ വലിച്ചെറിയുന്ന ബിയർ ബോട്ടിലുകൾ നിരവധി എണ്ണം കിട്ടിയതോടെ ആ കുപ്പികൾ കൊണ്ട് ക്ഷേത്രം നിർമ്മിച്ചാലോ എന്നായി ചിന്ത. ഗ്രാമത്തിൽ ആരും ഉപയോഗിക്കാത്ത ഒരു ശ്മശാനമാണ് ക്ഷേത്രം നിർമ്മിക്കാനായി തിരഞ്ഞെടുത്തത്. ശേഖരിച്ച കുപ്പികൾ നിർമ്മാണത്തിന് മതിയാവില്ലെന്ന് കണ്ടതോടെ കുപ്പികൾ നൽകാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. അത് വിജയിച്ചു. രണ്ടുവർഷംകൊണ്ട് ക്ഷേത്രം പൂർണമായും നിർമ്മിച്ചു. ബ്രൗൺ, പച്ച നിറത്തിലുള്ള കുപ്പികളാണ് കൂടുതലായും ഉപയോഗിച്ചിരിക്കുന്നത്.
പൂർണമായും തടാകത്തിൽ സ്ഥിതിചെയ്യുന്ന കുപ്പികൾ കൊണ്ട് നിർമ്മിച്ച മണ്ഡപവും ഇവിടത്തെ പ്രത്യേകതയാണ്. കുപ്പികൾ കൊണ്ടുനിർമ്മിച്ച പാലത്തിലൂടെവേണം ഇവിടേക്ക് പ്രവേശിക്കാൻ. അപൂർവ നിർമ്മിതിയാതിനാൽ ലോകത്തിന്റെ നാനാഭാത്തുനിന്നും സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്.