ksu-march

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഉദ്യോഗസ്ഥർക്കു നേരെ പ്രവർത്തകർ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞു. ഇതിനിടെ, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പൊതുമുതൽ പ്രതിഷേധക്കാർ നശിപ്പിച്ചു. സംഘർഷം ശക്തമായതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ നേരിടുകയായിരുന്നു.

നിയമസഭാ മാർച്ചിന് ശേഷമാണ് കെ.എസ്.യു പ്രവർത്തകർ അപ്രതീക്ഷിതമായി സെക്രട്ടേറിയേറ്റിലേക്കും മാർച്ച് നടത്തിയത്. ഈ വിവരം പൊലീസിന് മുൻകൂട്ടി ലഭിച്ചിരുന്നില്ല. രണ്ട് വാഹനങ്ങളിലായെത്തിയ പ്രവർത്തകർ സെക്രട്ടേറിയേറ്റിന്റെ ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നിയമസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിന് ശേഷമാണ് പ്രവർത്തകർ എം.ജി. റോഡിലൂടെ സെക്രട്ടേറിയേറ്റിലേക്ക് എത്തിയത്.

മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിക്ക് എതിരേയും പൊലീസിന് എതിരേയും മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസിന് നേരെ അസഭ്യവർഷവും നടത്തി. വനിതാ പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് നടന്നത്.