
അന്നമിറങ്ങാത്ത തൊണ്ടയുമായി ഞാൻ
ജീവിച്ചിരിക്കിലും ചത്ത മനുഷ്യനായ്
ഗസ്സയിൽ വീഴുവതെന്നുടെ കണ്ണുനീർ
ഇറ്റിറ്റു വീഴുവതെന്നുടെ ചോരയാം...
അന്നത്തിനായിരക്കുന്ന കുഞ്ഞാണു ഞാൻ,
കുഞ്ഞിന്നു വെടിയേറ്റൊരുമ്മയീ ഞാൻ,
പുത്രനു വെടിയേറ്റൊരുപ്പയീ ഞാൻ
പേരക്കിടാങ്ങൾ പൊലിഞ്ഞൊരുപ്പൂപ്പ ഞാൻ,
യാതൊരു കുറ്റവും ചെയ്യാതെ മൃത്യുവിൻ
വായിൽ പതിക്കുന്ന മർത്യനാകുന്നു ഞാൻ
മൃത്യുവക്‌ത്രത്തിലെ ക്രൂരരാഷ്ട്രാധിപാ,
അങ്ങയെ കൊല്ലുവാൻ ത്രാണിയില്ലാത്തൊരെൻ
ഒറ്റയപേക്ഷ: സ്വയം മരിക്കൂ; താങ്കൾ
എങ്കിലീ ലോകം സമാധാനസ്വർഗമായ്!
...............................................
ഒറ്റ മൈന
ലയാമ്മ നെപ്പോളിയൻ
അടവിതൻ നടുവിലായാകെയുണങ്ങിയ
തരുവിലെ കൊമ്പിലൊരൊറ്റ മൈന!
തളർന്നിരുന്നാർദ്രമായ് പാടും വരികളിൽ
ശ്രുതിയില്ല, ലയമില്ല, താളമില്ല...
ചിരകാലമിരുൾ മൂടി മാറാല കെട്ടിയ -
മനസിന്റെ ജാലകം മെല്ലെ തുറന്നിട്ട്,
നരവീണ സ്‌മൃതിയുടെ കെട്ടഴിച്ചീടുകിൽ
മിഴിനീർക്കുടമുടഞ്ഞൊഴുകിടുന്നു...
ചിറകു കത്തി പുകഞ്ഞൊരാ രാവിൽ
കരളു വിങ്ങി കരഞ്ഞൊരാ വേനലിൽ
വർണച്ചിറകുകൾ കൊത്തിയൊതുക്കി
കുഞ്ഞിക്കിളിയവൾ കൂട്ടിനെത്തി...
പൊഴിയുന്ന മഞ്ഞിലും പെയ്യും മഴയിലും
പകർന്നവർ സ്നേഹത്തുലാത്തണുപ്പ്,
തണലേകി, കനി നല്കി, വാസ്തവ്യമേകിയാ-
മരമതിൻ ചില്ലയിൽ ചേർത്തിരുത്തി.
ഇരുളിന്റെ ചായം പുരണ്ടൊരാ രാവതിൻ
മറപറ്റി വന്നൊരാ മർത്യന്റെ മഴുവിൽ
പിടയുന്ന തരുവിന്റെയാത്മാവിനൊപ്പമാ
ചെറുകിളിപ്പെണ്ണുമലിഞ്ഞുചേർന്നു!
ഇനിയും വരാത്ത വസന്തമതോർത്തിട്ട്
ഇടറും സ്വരമൊന്നിടയ്ക്കു നിർത്തി
ആർദ്രമായ് പാടുന്ന പാട്ടിലിന്ന്
ശ്രുതിയില്ല, ലയമില്ല, താളമില്ല!