
കൊച്ചി: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം വിവാദത്തിൽ. പുസ്തകത്തിന്‍റെ കവർ ചിത്രത്തിൽ പുകവലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം നിയമപരമായ മുന്നറിയിപ്പില്ലാതെ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്. ഇതിനെത്തുടർന്ന് പുസ്തകത്തിന്റെ പുറം ചട്ടയിലെ ചിത്രം നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുയാണ് അഭിഭാഷകനായ രാജസിംഹൻ.
ഹർജിയിൽ, പുസ്തകം പ്രസിദ്ധീകരിച്ചവർക്കും കേന്ദ്രസർക്കാരിനും കോടതി നോട്ടീസ് അയച്ചു. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നൽകേണ്ട നിയമപരമായ മുന്നറിയിപ്പ് പുസ്തകത്തിന്‍റെ കവറിൽ ഇല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഈ ചിത്രം പുകവലിക്ക് നേരിട്ടും അല്ലാതെയും പ്രോത്സാഹനം നൽകുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ പ്രധാന വാദം.
ഹർജിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കൂടാതെ, ഈ വിഷയത്തിൽ ഹർജിക്കാരൻ നേരത്തെ അധികൃതർക്ക് പരാതി നൽകിയിരുന്നോ എന്നും കോടതി അന്വേഷിച്ചു. കൂടുതൽ വാദം കേൾക്കാൻ ഹർജി പിന്നീട് പരിഗണിക്കാൻ സെപ്തംബർ 25-ലേക്ക് മാറ്റി വച്ചിരിക്കുകയാണ്.