f

കൊച്ചി: എം.ബി.ബി.എസ്‌ ഓൾ ഇന്ത്യ ക്വാട്ട പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പിൻവലിച്ചത് വിദ്യാർത്ഥികളെ വെട്ടിലാക്കി. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ഒരു മാറ്റവും കൂടാതെ മണിക്കൂറുകൾക്കം മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) പട്ടിക വീണ്ടും പ്രസിദ്ധീകരിച്ചു.

ഒരു സർക്കാർ മെഡിക്കൽ കോളേജ് അനുവദിച്ചതിന്റെ ഇരട്ടി സീറ്റുകളിലേക്ക് പ്രവേശനം ക്ഷണിച്ചുവെന്ന് കണ്ടാണ് ആദ്യം പട്ടിക പിൻവലിച്ചതെന്നാണ് അധികൃതർ പറയുന്നത്. ബുധനാഴ്ച രാത്രിയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഇന്നലെ പതിനൊന്ന് മണിക്ക് പിൻവലിച്ചു. വിവാദമായതോടെ വൈകിട്ട് പട്ടികയിൽ ഒരു മാറ്റവുമില്ലെന്ന് അറിയിച്ച് വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.

രണ്ടാംഘട്ട ആലോട്ട്മെന്റിൽ ഉൾപ്പെട്ടവർ 25ന് മുൻപ് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടേണ്ടതുണ്ട്. അതനുസരിച്ച് ആദ്യം പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളിൽ പ്രവേശനം കിട്ടിയവർ അവിടേക്ക് യാത്ര തിരിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക്‌ ചെയ്തവരുമുണ്ട്. പിന്നാലെയാണ് പട്ടിക പിൻവലിച്ചതും പ്രതിഷേധമുയർന്നതും.

പ്രവേശന നടപടി

ഇഴയുന്നു

കഴിഞ്ഞ വർഷം മുതൽ എം.ബി.ബി.എസ്‌ കൗൺസലിംഗ് നടപടികളും പ്രവേശനവും ഇഴഞ്ഞാണ് നീങ്ങുന്നത്. ആദ്യം പ്രഖ്യാപിച്ചതിൽ നിന്ന് ഓരോ ഘട്ടത്തിലും തീയതി പലപ്രാവശ്യം നീട്ടിയതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ സമ്മർദ്ദത്തിലാണ്. ഈ മാസം 22ന് ക്ലാസുകൾ തുടങ്ങാനാണ് നിർദ്ദേശം. എന്നാൽ, പ്രവേശന നടപടികൾ എങ്ങുമെത്താതെ ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. അഡ്മിഷൻ നടപടി പൂർത്തിയാക്കുംമുമ്പ് ക്ലാസ് തുടങ്ങുന്നത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ആദ്യഘട്ട ക്ലാസ് നഷ്ടമാകാൻ കാരണമാകും.