
വാഷിംഗ്ടൺ: 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് യു.എസിലെ ഡെലവെയർ കോടതിയിൽ കേസ്. ബോയിംഗ്, ഹണിവെൽ കമ്പനികൾക്കെതിരെ ദുരന്തത്തിൽ മരണപ്പെട്ട നാല് വിമാന യാത്രികരുടെ കുടുംബാംഗങ്ങളാണ് കേസ് ഫയൽ ചെയ്തത്. കമ്പനികളുടെ അശ്രദ്ധയും ഇന്ധന നിയന്ത്രണ സ്വിച്ചിലെ തകരാറുമാണ് അപകടത്തിലേക്ക് നയിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നും കുടുംബം ചൂണ്ടിക്കാട്ടി. ദുരന്തവുമായി ബന്ധപ്പെട്ട് യു.എസിൽ ഫയൽ ചെയ്ത ആദ്യ കേസാണിത്. അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിലെ കോക്പിറ്റിലെ ഇന്ധന സ്വിച്ചുകൾ നിർമ്മിച്ചത് ഹണിവെല്ലാണ്.