neeraj-chopra

ടോക്യോ: 2021ലെ ടോക്യോ ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സ ചരിത്രത്തില്‍ ആദ്യത്തെ ഇന്ത്യന്‍ മെഡല്‍. അതൊരു തുടക്കമായിരുന്നു പിന്നീടങ്ങോട്ട് പങ്കെടുത്ത എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലും മെഡല്‍ പോഡിയത്തില്‍ നീരജ് ചോപ്ര എന്ന ഇന്ത്യക്കാരന്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി നില്‍ക്കുന്ന കാഴ്ചയക്ക് എത്രയോവട്ടം കായികപ്രേമികള്‍ സാക്ഷ്യം വഹിച്ചു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന പാരീസ് ഒളിമ്പിക്‌സിലും നീരജ് ചോപ്ര വെള്ളി മെഡല്‍ നേടി.

എന്നാല്‍ നീരജ് എന്ന താരോദയം അതിന്റെ പരിപൂര്‍ണതയിലെത്തിയ അതേ ടോക്യോയില്‍ ഇന്ന് നീരജിന് പിഴച്ചു. എന്താണ് മുന്‍ ഒളിമ്പിക് ചാമ്പ്യന് സംഭവിച്ചത്? കായികലോകം ഒന്നടങ്കം ചോദിക്കുകയാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മാത്രം കാണപ്പെടുന്ന ആ പേര് ഇന്ന് വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം കാണപ്പെട്ടത് എട്ടാം സ്ഥാനത്ത്. ഇന്ത്യക്കാരനായ സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ഭാവിയിലേക്കുള്ള പ്രതീക്ഷയായി കാണാമെങ്കിലും നീരജിന്റെ വീഴ്ച ആശങ്കപ്പെടുത്തുന്നതാണ്.

ഇപ്പോഴിതാ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സംഭവിച്ചത് എന്താണെന്നും വ്യക്തമാക്കുകായണ് ജാവ്‌ലിന്‍ ത്രോയിലെ ഇന്ത്യന്‍ സൂപ്പര്‍മാന്‍. ''ഈ മാസം ആദ്യം ചെക്ക് റിപ്പബ്ലിക്കില്‍ പരിശീലനം നടത്തുന്നതിനിടെ, ജാവലിന്‍ എറിയാനൊരുങ്ങുമ്പോള്‍ നടുവിന് ഒരു ഉളുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് പ്രാഗില്‍ വെച്ച് നടത്തിയ എംആര്‍ഐ സ്‌കാനില്‍ ഡിസ്‌കിന് തകരാറുണ്ടെന്ന് കണ്ടെത്തി.

എറിയാനായി തയ്യാറെടുത്തപ്പോള്‍ എന്റെ ഇടതുവശത്ത് ഒരു വലിവ് അനുഭവപ്പെട്ടു. അതിനുശേഷം എനിക്ക് സാധാരണപോലെ നടക്കാന്‍ പോലും കഴിഞ്ഞില്ല. സാരമാക്കേണ്ടെന്നും വിശ്രമിക്കാനും പറഞ്ഞിരുന്നു. അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് അടുത്ത ദിവസം ഞാന്‍ കരുതിയത്''. ചോപ്ര പറഞ്ഞു.

''ഡിസ്‌കിന് എന്തോ പ്രശ്നമുണ്ടായിരുന്നു. അതിന്റെ കൃത്യമായ മെഡിക്കല്‍ പദം എനിക്കറിയില്ല. ഇവിടെയെത്തിയ ശേഷം ഞാന്‍ ദിവസവും ചികിത്സയിലായിരുന്നു. അതിനുശേഷം, ഇനി എങ്ങനെ മത്സരിക്കും എന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍. ഒടുവില്‍, എനിക്ക് അല്‍പ്പം ഭേദമായിത്തുടങ്ങി, പക്ഷേ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതും മാനസികാവസ്ഥയിലുണ്ടായ മാറ്റവും എന്നെ ബാധിച്ചു''. നീരജ് കൂട്ടിച്ചേര്‍ത്തു.