
ഒരു ഹോട്ടൽമുറിയിലേക്ക് ആദ്യമായി പ്രവേശിക്കുമ്പോൾ നിങ്ങൾ എന്താണ് ചെയ്യുന്നത്? വാതിൽ തുറന്ന് ലഗേജുകൾ നിലത്തുവച്ചതിനുശേഷം ലൈറ്റ് ഓൺ ചെയ്യുകയാണ് പതിവ്. ശേഷം മുറിയിൽ മനോഹരമായി ക്രമീകരിച്ചിരിക്കുന്ന കട്ടിലിലും സോഫയിലും ഇരുന്ന് കുറച്ചുനേരം വിശ്രമിക്കും. എന്നാൽ ഈ ശീലം ഒരിക്കലും ആവർത്തിക്കരുതെന്നാണ് ഹോട്ടൽ മേഖലയിൽ വർഷങ്ങളോളം പരിചയസമ്പത്തുളള ഹെയ്ലി വൈറ്റിംഗ് നിർദ്ദേശിച്ചിരിക്കുന്നത്. അതിനുളള കാരണവും വിശദീകരിച്ചിട്ടുണ്ട്.
ലൈറ്റ് ഓണാക്കുന്നതിനുമുൻപ് മുറി പരിശോധിക്കണമെന്നാണ് അവർ പറയുന്നത്. മൂട്ടകളുണ്ടോയെന്ന് പരിശോധിക്കാനാണിത്. മങ്ങിയ വെളിച്ചത്തിൽ മൂട്ടകളെ കണ്ടെത്താൻ എളുപ്പമാണെന്ന് അവർ പറയുന്നു. ഹോട്ടൽ മുറിയിൽ ആദ്യമായി പ്രവേശിച്ചാൽ സോഫയിലും കട്ടിലിലും മൂട്ടയുണ്ടോയെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. മെത്തയിലും തലയണയിലും കർട്ടണുകളിലുമാണ് കൂടുതലും മൂട്ട കാണാൻ സാദ്ധ്യത.
ചെറുതും ചിറകില്ലാത്തതുമായ ജീവികളാണ് മൂട്ടകൾ. ഇവ ഇരുണ്ട മഞ്ഞ നിറത്തിലും ചുവപ്പ്, ബ്രൗൺ നിറത്തിലുമാണുളളത്. മൂട്ടകൾ മനുഷ്യ രക്തം കുടിക്കാറുണ്ട്. മൂട്ടയുടെ കടിയേറ്റാൽ ശരീരത്ത് ചൊറിച്ചിലും പാടുകളും ഉണ്ടാകാം. ഇവ ദിവസങ്ങളോളം കൂടുതൽ അസ്വസ്ഥത ഉണ്ടാക്കും. അതിനാൽ മുറിയിൽ പ്രവേശിച്ചയുടൻ മങ്ങിയ വെളിച്ചത്തിൽ പരിശോധന നടത്തിയാൽ ഈ പ്രശ്നം ഒഴിവാക്കാമെന്നും ഹെയ്ലി പറയുന്നു. ഇത്തരത്തിൽ മൂട്ടകളെ കാണുകയാണെങ്കിൽ അപ്പോൾ തന്നെ ഫോട്ടോയെുത്ത് ഹോട്ടൽ ജീവനക്കാരെ കാണിക്കേണ്ടതാണെന്നും ഹെയ്ലി നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ മിക്ക ഹോട്ടലുകളും മുറിയെടുക്കുന്നവർക്ക് റീഫണ്ട് ചെയ്യാറുണ്ട്.