video

മുംബയ്: പുതിയ ഐഫോൺ 17 സീരീസ് സ്വന്തമാക്കാൻ കടയുടെ മുൻപിൽ യുവാക്കളുടെ തിക്കുംതിരക്കും. മുംബയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തിക്കിലും തിരക്കിലുംപ്പെട്ട യുവാക്കൾ അടിപിടി കൂടുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ പിടിഐ ആണ് പുറത്തുവിട്ടത്. ആപ്പിൾ സ്​റ്റോറിന്റെ മുൻപിൽ കിടന്ന് യുവാക്കൾ വാക്കുതർക്കത്തിലേർപ്പെടുകയും കയ്യേ​റ്റമുണ്ടാകുകയും ചെയ്തു.

പ്രശ്നം ഗുരുതരമായതോടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ചുവപ്പ് ടീ ഷർട്ട് ധരിച്ച യുവാവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. മ​റ്റൊരു ഉദ്യോഗസ്ഥൻ ലാത്തി വീശി യുവാക്കളെ കടയുടെ മുൻപിൽ നിന്ന് മാ​റ്റുന്നുമുണ്ട്. ഇന്ത്യയുലുടനീളം ആപ്പിൾ ഐഫോൺ 17 സീരീസിന്റെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. മുബയിലും ഡൽഹിയിലുമുളള ആപ്പിൾ സ്​റ്റോറുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.

സുരക്ഷാ സംവിധാനങ്ങളുടെ കുറവ് കാരണമാണ് പല സ്​റ്റോറുകളുടെ മുൻപിലും തിരക്ക് അനുഭവപ്പെടുന്നതെന്ന് ഫോൺ വാങ്ങാനെത്തിയ മോഹൻ യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ പുലർച്ചെ അഞ്ചുമണി മുതൽ ക്യൂവിൽ നിൽക്കുകയാണെന്നും അയാൾ പറഞ്ഞു. ഡൽഹിയിലെ സാകേതിലുളള സെലക്ട് സി​റ്റിവാക് മാളിലെ ആപ്പിളിന്റെ ഔട്ട്‌ലെ​റ്റിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ സീരിസ് വാങ്ങുന്നതിന് പലരും കഴിഞ്ഞ ദിവസം രാത്രി മുതൽക്കേ ഔട്ട്‌ലെ​റ്റിന് മുന്നിൽ ക്യൂവിൽ നിൽക്കുകയായിരുന്നു. ബംഗളൂരുവിലെ പല ആപ്പിൾ ഔട്ട്‌ലെ​റ്റുകളിലും സമാന അവസ്ഥയാണ്.

സാധാരണ ഐഫോൺ 17, പുതിയ ഐഫോൺ എയർ എന്നിവയ്‌ക്കൊപ്പം, മുൻനിര മോഡലുകളായ ഐഫോൺ 17 പ്രോ, പ്രോ മാക്‌സ് എന്നിവയും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. 82,900 മുതൽ 2.3 ലക്ഷം രൂപ വരെയാണ് വില.