
സമുദ്രാടിത്തട്ടിൽ ഏകദേശം 20മില്യൺ ടൺ സ്വർണ്ണം ലയിച്ചുചേർന്നിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഇതിന് 2 ക്വാഡ്രില്യൺ ഡോളറിലധികം വിലയുണ്ടാകുമെന്ന് പറയുന്നു. പക്ഷേ ഈ സ്വർണ്ണം സൂക്ഷ്മമായ തരികളായിട്ടാണ് കാണപ്പെടുന്നത്. തരികൾ വളരെ നേർപ്പിച്ച രൂപത്തിലായതിനാൽ നമുക്കത് ഒരിക്കലും ഖനനം ചെയ്തെടുക്കാൻ കഴിഞ്ഞേക്കില്ല. എങ്കിലും സാങ്കേതികവിദ്യയുടെ വളർച്ച ഇതിനെ സഹായിക്കുമോയെന്നാണ് ശാസ്ത്രലോകം ഉറ്റു നോക്കുന്നത്.
സ്വർണ്ണം കടലിലേക്ക് മാന്ത്രികമായി വന്നുചേർന്നതല്ല. മറിച്ച്, ദശലക്ഷക്കണക്കിന് വർഷങ്ങളായി പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രക്രിയകളുടെ ഫലമാണിത്. മഴയും പുഴകളും പാറകളെ പതിയെ പതിയെ അരിച്ചുമാറ്റിയപ്പോൾ, അതിനുള്ളിലെ സ്വർണ്ണത്തിന്റെ ചെറിയ തരികൾ ഒലിച്ച് പുഴകളിലൂടെ കടലിലെത്തുകയായിരുന്നു.
ഭൂമിയുടെ ടെക്റ്റോണിക് പ്ലേറ്റുകൾ ചേരുന്ന സ്ഥലങ്ങളിൽ കാണുന്ന താപജല സ്രോതസ്സുകൾ (hydrothermal vents) ചൂടുള്ളതും ധാതുസമ്പുഷ്ടവുമായ ദ്രാവകങ്ങൾ പുറത്തുവിടും. ഇതിൽ ചിലപ്പോൾ സ്വർണ്ണവും ലയിച്ചുചേർന്നിട്ടുണ്ടാവാം. ഇതിൽ കാറ്റും സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ സൂക്ഷ്മമായ പൊടിപടലങ്ങളെ ദൂരേക്ക് വഹിച്ചുകൊണ്ടുപോയി ഒടുവിൽ അവയെ സമുദ്രത്തിൽ നിക്ഷേപിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് കടലിലുള്ള സ്വർണ്ണം ഖനനം ചെയ്യാൻ കഴിയാത്തതെന്ന് ചോദിച്ചാൽ കടലിലുള്ള സ്വർണ്ണത്തിന്റെ അളവ് വളരെ വളരെ കുറവാണ്. ഓരോ ലിറ്റർ കടൽവെള്ളത്തിലും ഏതാനും ട്രില്യൺ ഗ്രാം സ്വർണ്ണം മാത്രമേയുള്ളൂ. ഒരു ഗ്രാം സ്വർണ്ണം ശേഖരിക്കണമെങ്കിൽ ഏകദേശം 100 ദശലക്ഷം ടൺ കടൽവെള്ളം വേണ്ടിവരും. അതുകൊണ്ടാണ് ഇത് ഖനനം ചെയ്യുന്നത് പ്രായോഗികമല്ലെന്ന് ഗവേഷകർ ചൂണ്ടികാണിക്കുന്നത്.
മാത്രമല്ല, ഈ സ്വർണ്ണം കണ്ടെത്താനും വേർതിരിച്ചെടുക്കാനും ഒട്ടേറെ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ഇതിനായി പ്രത്യേക ലാബുകളും അതിസൂക്ഷ്മമായ ഉപകരണങ്ങളും ആവശ്യമാണ്. ഒരു ചെറിയ പൊടിപടലം പോലും പരിശോധനാ ഫലങ്ങളെ ബാധിച്ചേക്കാം. അതേസമയം ഇത്തരത്തിലുള്ള സ്വർണ്ണം ഖനനം ചെയ്യുന്നതിന് സാമ്പത്തികമായി വലിയ നഷ്ടങ്ങളായിരിക്കും സംഭവിക്കുക. കാരണം ചെലവഴിക്കുന്ന പണത്തിന് അനുസരിച്ചുള്ള വരുമാനമായിരിക്കില്ല ലഭിക്കുന്നത്.
കൂടുതൽ സ്വർണ്ണവും സമുദ്രത്തിന്റെ അടിത്തട്ടിലുള്ള സൾഫൈഡ് നിക്ഷേപങ്ങളിലും ധാതു പാളികളിലും കേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ട്. താപജല സ്രോതസ്സുകൾക്ക് സമീപമാണ് ഇവ രൂപപ്പെടുന്നത്. എന്നാൽ, ഇവ ഒന്നോ രണ്ടോ മൈൽ ആഴത്തിലാണ് സ്ഥിതിചെയ്യുന്നത്. വിദൂര നിയന്ത്രിത വാഹനങ്ങൾ (ROV-കൾ) ഈ ആഴങ്ങളിലേക്ക് ഇറങ്ങുമെങ്കിലും അവ ഗവേഷണങ്ങൾക്കുള്ള സാമ്പിളുകൾ മാത്രമാണ് ശേഖരിക്കുന്നത്. അല്ലാതെ സ്വർണ്ണക്കട്ടികളല്ല. ഈ നിക്ഷേപങ്ങളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്നത് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യമാണ്.
എന്നാൽ ഇത്തരം വെല്ലുവിളികൾക്കിടയിലും ശാസ്ത്രജ്ഞർ ഗവേഷണങ്ങൾ തുടരുന്നു. പുഴകളിലൂടെയും മറ്റും എത്ര സ്വർണ്ണം കടലിലെത്തുന്നുണ്ട്, എത്ര വേഗത്തിൽ അവ കടലിലൂടെ ഒഴുകി നീങ്ങുന്നുണ്ടെന്നൊക്കെ അവർ പഠിക്കുന്നു. സമുദ്രത്തിലെത്തുന്ന സ്വർണ്ണം നൂറ്റാണ്ടുകളോളം അവിടെത്തന്നെ തങ്ങിനിൽക്കുമെന്നും പിന്നീട് അടിത്തട്ടിലെ സൂക്ഷ്മമായ കണങ്ങളോടൊപ്പം ചേരുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. സമുദ്രത്തിൽ നിന്ന് സ്വർണ്ണം ഖനനം ചെയ്ത് ധനികനാവുക എന്ന സ്വപ്നം ഒരുപക്ഷേ യാഥാർത്ഥ്യമാകില്ലായിരിക്കാം. എന്നാൽ ശാസ്ത്രഞ്ജന്മാരുടെ ഗവേഷണങ്ങൾ നമ്മളെ നിരാശരാക്കുന്നില്ല. മറിച്ച് നമ്മുടെ ഭൂമി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന പഠനമായി ഇതിനെ കാണാം.