robin-uthappa

മുംബയ്: കർണാടക ടീമിൽ കളിച്ചിരുന്ന അവസാന നാളുകളിൽ റോബിൻ ഉത്തപ്പ മികച്ച ഫോമിലായിരുന്നെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടാൻ കഴിയാത്തതിൽ അദ്ദേഹം നിരാശനായിരുന്നു. ഈ സമയത്ത് ഉത്തപ്പ ഒരു അഭിമുഖത്തിൽ നൽകിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അന്ന് ഇന്ത്യൻ ടീമിലേക്ക് വരാൻ ഒരുങ്ങുകയായിരുന്ന കരുൺ നായരെക്കുറിച്ചാണ് ഉത്തപ്പ പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം അതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഉത്തപ്പ. ഫസ്റ്റ് അമ്പയർ പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഉത്തപ്പ ഇക്കാര്യം തുറന്നുപറഞ്ഞത്.

"അന്ന് ഞാൻ ടെസ്റ്റ് ടീമിൽ കയറാൻ ശ്രമിക്കുകയായിരുന്നു. നന്നായി കളിച്ചിട്ടും എന്നെ പരിഗണിക്കാത്തതിൽ നിരാശയുണ്ടായിരുന്നു. ആ വികാരങ്ങളൊക്കെയായിരിക്കാം ആ സംഭാഷണത്തിൽ നിന്ന് പുറത്തുവന്നത്. ടെസ്റ്റ് ക്യാപ്പുകൾ വളരെ എളുപ്പത്തിൽ ലഭിക്കുന്നുണ്ടെന്നും, ചിലർ അത് കഠിനാധ്വാനം ചെയ്ത് നേടണമെന്നും സൗജന്യമായി ലഭിക്കരുതെന്നും ഞാൻ അഭിമുഖത്തിൽ പറഞ്ഞു.

കരുണിനെക്കുറിച്ചാണ് അങ്ങനെ പറഞ്ഞതെന്ന് ഞങ്ങളുടെ ടീമിലെ തന്നെ സഹതാരം തന്നെയാണ് കരുൺ നായരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. ഇതോടെ ഒരു അനുജനെപ്പോലെയായിരുന്ന‌ കരുൺ എന്നിൽ നിന്ന് അകന്നു. ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്പിന് അവൻ അടുത്ത് എത്തിയിരുന്ന സമയമായിരുന്നു അത്. എന്നോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ പോലും അവൻ ശ്രമിച്ചില്ല. ഞാൻ ആ പറഞ്ഞത് അവനെക്കുറിച്ചാണെന്ന് കരുൺ വിശ്വസിക്കുകയും എന്നിൽ നിന്ന് അകലം പാലിക്കുകയുമായിരുന്നു.

ഞാൻ ടീമിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ അവർ കൈ ഉയർത്തട്ടെ, ഉടൻ തന്നെ ടീം വിട്ടോളാം എന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു.പക്ഷെ ആരും കൈ ഉയർത്തിയില്ല, എന്നാൽ എനിക്കെതിരെ സംഘടിതമായ ഒരു ആക്രമണം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നു'- ഉത്തപ്പ വിശദീകരിച്ചു. 'ആ സംഭവത്തിന് ശേഷം ഞാൻ പരമാവധി ശ്രമിച്ചിട്ടും എനിക്ക് പഴയ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. കാരണം എന്റെ മാനസികാവസ്ഥ അത്രത്തോളം തകർന്നിരുന്നു," ഉത്തപ്പ കൂട്ടിച്ചേർത്തു.