messi-in-kochi

കൊച്ചി: അർജന്റീന സൂപ്പർ താരം ലയണൽ മെസിയും സംഘവും നവംബർ മാസത്തിൽ കേരളത്തിലെത്തുമെന്നാണ് വിവരം. എന്നാൽ മെസി എവിടെയാകും കളിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും പൂർണതീരുമാനം വന്നിട്ടില്ല. അർജന്റീന ടീം കൊച്ചിയിൽ ജവഹർലാൽ നെഹ്രു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ കളിച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യം സർക്കാർ ആലോചനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തിരുവനന്തപുരത്താകും മെസി കളിക്കുകയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2017ൽ മെൻസ് അണ്ടർ-17 ലോകകപ്പ് നടന്നത് ഇവിടെയായിരുന്നു.

നവംബറിൽ അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലെത്തുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ മുൻപ് അറിയിച്ചിരുന്നു. കേരളത്തിൽ മാത്രമല്ല അംഗോളയിലും ടീം കളിക്കുന്നുണ്ടെന്നാണ് എഎഫ്‌എ പുറത്തുവിട്ട വിവരം. നവംബർ 10 മുതൽ 18 വരെയാകും മെസിപട ഇവിടെ കളിക്കുക. അടുത്തമാസം അമേരിക്കയിൽ അർജന്റീന ടീം കളിക്കും. സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണ് ടീമിന്റെ മത്സരങ്ങളെക്കുറിച്ച് എഎഫ്എ വ്യക്തമാക്കിയത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ഇവിടെ ക്രിക്കറ്റ് പരിശീലനത്തിന് ആവശ്യമായ തയ്യാറെടുപ്പുകളാണ് ഇപ്പോൾ നടത്തിയിരിക്കുന്നത് അതിനാലാണ് കൊച്ചിയ്‌ക്ക് വേദി മാറ്റുന്നതെന്നാണ് റിപ്പോർട്ടുകൾ. അർജന്റീനക്കെതിരെ ഏത് ടീമാണ് കളിക്കുക എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.