work

മാന്യമായ ശമ്പളം കിട്ടുന്ന ഒരു ജോലി. ഏതൊരാളുടെയും സ്വപ്നമാണിത്. പക്ഷേ, പഠിച്ച് എത്ര സർട്ടിഫിക്കറ്റുകൾ കൈക്കലാക്കിയാലും ഈ മോഹം പൂവണിയണമെന്നില്ല. എന്നാൽ പയറത്തക്ക വിദ്യാഭ്യാസ യോഗ്യതയോ പേഴ്സണാലിറ്റിയോ ഒന്നുമില്ലെങ്കിലും മാസം മാന്യമായി ജോലിചെയ്ത് ഒട്ടും മോശമല്ലാത്ത ശമ്പളം വാങ്ങുന്നകുറച്ചധികം സ്ത്രീകളുണ്ട്. അദ്ധ്വാനിക്കാനുളള, തളരാത്ത മനസുമാത്രമാണ് ഇവർക്ക് കൈമുതൽ. വീട്ടുവേല ചെയ്താണ് ഇവർ തങ്ങളുടെ പേഴ്സ് നിറയ്ക്കുന്നത്.

പഴയ വീട്ടുവേലയല്ല ഇപ്പോഴത്തേത്

മാസം മുഴുവൻ എല്ലുമുറിയെ പണിയണം. ശമ്പളമായി ആയിരമോ രണ്ടായിരമോ തരും. ഒപ്പം എല്ലാദിവസവും വീട്ടിൽ മിച്ചംവരുന്ന ആഹാരവും. പണ്ട് വീട്ടുവേലക്കാർക്ക് കിട്ടിയിരുന്നത് ഇതായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ പഴങ്കഥ. മണിക്കൂറിനാണ് കൂലി. ഒരുദിവസം ഒന്നോ രണ്ടോ മണിക്കൂർ മാത്രം ജോലിചെയ്താൽ മതി. മാസത്തിൽ കുറഞ്ഞത് അയ്യായിരം രൂപ അക്കൗണ്ടിലെത്തും. ഒരിടത്തെ ജോലികഴിഞ്ഞ് വേറൊരു വീട്ടിൽ പോകാം. അവിടെനിന്നും ഇതുപോലെ കിട്ടും.രാവിലെ രണ്ടുവീട്ടിലെ ജോലികഴിഞ്ഞ് വലിയ ഫ്ലാറ്റുകളിലും ഓഫീസുകളിലും ജോലിക്കുപോകുന്നവരുണ്ട്. ഓഫീസിലെ ജോലികഴിഞ്ഞ് വീണ്ടും ഒരുവീട്ടിൽക്കൂടി ജോലിക്കുപോയശേഷമായിരിക്കും ഇവർ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നത്. ഏറ്റവും കുറഞ്ഞത് മുപ്പതിനായിരം രൂപ മാസാവസാനം ഇവരുടെ അക്കൗണ്ടിലെത്തും.

രാവിലെ നാലുമണിയോടെയാണ് ഇവരുടെ ഒരുദിവസം തുടങ്ങുന്നത്. വീട്ടുകാർക്കുൾപ്പെടെ ആഹാരവും ഉണ്ടാക്കി കുളിയും കഴിഞ്ഞ് അഞ്ചുമണികഴിയുമ്പാേൾ വീട്ടിൽ നിന്നിറങ്ങും. സമയലാഭത്തിനായി സ്കൂട്ടറിലാണ് യാത്ര. ബസിലെ യാത്ര അലച്ചിലാണെന്നും യഥാസമയം എത്തിച്ചേരാനാകില്ലെന്നുമാണ് ഇവർ പറയുന്നത്.

ഫ്ലാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഇത്തരക്കാരുടെ സേവനം കൂടുതൽ തേടുന്നത്. ആറുമണിയാകുന്നതോടെ അടുക്കളയിൽ ഇവർ കർമ്മ നിരതരാകും. തലേദിവസത്തെ പാത്രങ്ങൾ കഴുകിക്കൊണ്ടാണ് തുടക്കം. അത് കഴിഞ്ഞ് പാചകത്തിലേക്ക് കടക്കും. അമ്മയും അച്ഛനും മകൻ അല്ലെങ്കിൽ മകൾ അങ്ങനെ മൂന്നുപേരായിരിക്കും മിക്കയിടങ്ങളിലെയും താമസക്കാർ. അഞ്ചും ആറുംപേരുള്ള സ്വന്തം കുടുംബങ്ങളിൽ വച്ചുവിളമ്പുന്ന തങ്ങൾക്ക് മൂന്നുപേർക്ക് ആഹാരം ഉണ്ടാക്കുക വളരെ നിസാരം. നാടൻ രുചികളുടെ ചേരുവകൾ കൂടി ഭക്ഷണത്തിൽ കലർത്തുമ്പോൾ വീട്ടുകാർക്ക് പെരുത്തിഷ്ടമാകും. പാചകം കഴിഞ്ഞ് ആഹാരസാധനങ്ങൾ ടിഫിൻ ബോക്സുകളിലും കഴിക്കാനുളള പാത്രങ്ങളിലേക്കും മാറ്റുന്നതോടെ ജോലിയുടെ പ്രധാന ഭാഗം കഴിയും. പിന്നെ പാചകത്തിന് ഉപയോഗിച്ച പാത്രങ്ങൾ വൃത്തിയാക്കുന്ന ജോലിമാത്രമാണ്. അതുംകഴിഞ്ഞ് അടുക്കളയും വീടും വൃത്തിയാക്കി ആ വീട്ടിൽനിന്നിറങ്ങുമ്പോൾ ക്ലോക്കിലെ സൂചി എട്ടുമണിയോട് അടുത്തിട്ടേ ഉണ്ടാവുളളൂ. പിന്നെ ഒട്ടുംവൈകാതെ അടുത്ത വീട്ടിലേക്ക് .

മിക്കവാറും തൊട്ടടുത്തുതന്നെയായിരിക്കും രണ്ടാമത്തെ വീടും. ആദ്യത്തെ വീട്ടിലേതുപോലെയായിരിക്കും ഇവിടെയും വർക്കിംഗ് ഷെഡ്യൂൾ. പക്ഷേ, ഒരു വ്യത്യാസം മാത്രം ഉണ്ടാവും. ജോലികഴിഞ്ഞ് ആഹാരം കഴിക്കുന്നതും വസ്ത്രംമാറുന്നതും ഇവിടെവച്ചായിക്കും. അവിടത്തെ ജോലികഴിഞ്ഞ് പിന്നെ ഓഫീസിലേക്ക് പോകും. അവിടെയും പിടിപ്പത് പണിയായിരിക്കും കാത്തിരിക്കുന്നത്. ഒട്ടും മടുപ്പോ മടിയോ ഇല്ലാതെ അത് പൂർത്തീകരിക്കും. ചിട്ടിയും ലോണും മക്കളുടെ ഫീസിനെക്കുറിച്ചൊക്കെ ആലോചിക്കുമ്പോൾ ക്ഷീണമെല്ലാം ഓടിയൊളിക്കുമെന്നാണ് അവർ പറയുന്നത്. ജോലികൾ എല്ലാം കഴിഞ്ഞ് വീടണയുമ്പോൾ എട്ടുമണിയോടടുക്കും. അവിടെയും വിശ്രമമില്ല. കുടുംബിനുടെ റോൾ നിർവഹിക്കണം. ഒപ്പം പിറ്റേന്ന് ജോലിക്കുപോകാൻവേണ്ട മുന്നൊരുക്കങ്ങളും നടത്തണം. എല്ലാം കഴിഞ്ഞ് കിടക്കയിലേക്ക് വീഴുമ്പാേൾ മണി പതിനൊന്നായിക്കാണും.

അങ്ങനെയൊന്നുമില്ല

ജോലിക്കുപോകുന്നുണ്ടെങ്കിലും ആ വീട്ടിലെ ഒരു കാര്യങ്ങളിലും തങ്ങൾ ഇടപെടാറില്ലെന്നാണ് വീട്ടുജോലിചെയ്യുന്ന ഒരു സ്ത്രീ പറയുന്നത്. ഭൂരിപക്ഷവും ഇങ്ങനെയായിരിക്കും എന്നും അവർ പറയുന്നുണ്ട്. എന്തെങ്കിലും ചീത്തപ്പേരുവീണാൽ തങ്ങളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കും എന്നതിനാലാണിത്. ജോലിക്കെത്തുന്ന സ്ത്രീകളോട് വീട്ടുടമസ്ഥർ മോശമായി പെരുമാറുന്ന സംഭവങ്ങളും തീരെ ഇല്ലെന്നാണ് ഒട്ടുമിക്കവരും പറയുന്നത്. നമ്മൾ നിൽക്കേണ്ട നിലയ്ക്ക് നിന്നാൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്നും അവർ പറയുന്നു. വീടുവൃത്തിയാക്കിയതോ പാചകമോ ഇഷ്ടപ്പെട്ടില്ലെങ്കിൽ വീട്ടുകാർ അപ്പോൾത്തന്നെ പറയാറുണ്ട്. അപ്പോൾ വിഷമം തോന്നുമെങ്കിലും അങ്ങനെ ചെയ്യുന്നത് ഏറെനന്നാണെന്നാണ് അവർ പറയുന്നത്. ഓണത്തിനും മറ്റ് വിശേഷ ദിവസങ്ങളിലും പ്രത്യേക സമ്മാനങ്ങളും വീട്ടുകാർ നൽകാറുണ്ട്. ഇത് കിട്ടുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് ലഭിക്കുന്നത്.

ഏജൻസികളോട് താൽപ്പര്യമില്ല

വീട്ടുജോലിക്ക് ആളെ നൽകുന്ന ഒത്തിരി ഏജൻസികൾ ഉണ്ടെങ്കിലും അതിൽ പേര് രജിസ്റ്റർചെയ്യാൻ ഇവർക്ക് തീരെ താൽപ്പര്യമില്ല. തങ്ങളുടെ ഇഷ്ടത്തിന് ജോലിചെയ്യാൻ കഴിയില്ലെന്നതാണ് പ്രധാനകാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ശമ്പളവും കുറവായിരിക്കും. വീട്ടുകാർ നൽകുന്ന പണത്തിൽനിന്ന് കമ്മിഷൻ കുറച്ചശേഷമായിരിക്കും ശമ്പളമായി ലഭിക്കുന്നത്. മാത്രമല്ല എല്ലാദിവസവും സ്വന്തം വീട്ടിലെത്താനും കഴിയില്ല.

വീട്ടുജോലിക്കാരി എന്ന ലേബലിൽ തങ്ങളെ ഒതുക്കാതെ സമൂഹം തങ്ങൾക്ക് മാന്യമായ സ്ഥാനം നൽകാറുണ്ടെന്ന് അവർ പറയുന്നു. അതുതന്നെ വലിയ കാര്യമാണ്. തങ്ങളുടെ ജോലി അംഗീകരിക്കപ്പെടുന്നതിന്റെ അടയാളമായാണ് അവർ ഇതിനെ കാണുന്നത്.