
തൃശൂര്‍: അണലിയുടെ കടിയേറ്റ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി ഇടശേരി സിഎസ്എം സെന്‍ട്രല്‍ സ്‌കൂളിന് സമീപം താമസിക്കുന്ന അനാമികയാണ് മരിച്ചത്. പത്താംകല്ല് സിഎംഎസ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. കുട്ടിയെ പാമ്പ് കടിച്ചത് മനസ്സിലായിരുന്നില്ല. ബുധനാഴ്ചയോടെ ആരോഗ്യസ്ഥിതിയില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. അസുഖം ഭേദമായെന്ന് കരുതി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ചികത്സയില്‍ കുട്ടിയെ അണലി കടിച്ചതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. വീട്ടിലെത്തിയിട്ടും മോശം സ്ഥിതി തുടര്‍ന്നതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് അണലിയുടെ കടിയേറ്റുവെന്ന് മനസ്സിലായത്. രക്തം പരിശോധിച്ചപ്പോള്‍ അണലിയുടെ വിഷത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയുകയായിരുന്നു.ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൃക്കയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.
വീട്ടിലോ മുറ്റത്തോ വെച്ച് പാമ്പ് കടിച്ചതാകാമെന്നാണ് നിഗമനം. പാമ്പ് കടിച്ചത് അറിയാതിരുന്നതാണ് ചികിത്സ വൈകാന്‍ കാരണമായത്. കാലിലോ ശരീരത്തില്‍ മറ്റെവിടെയോ പാമ്പ് കടിച്ച ലക്ഷണമൊന്നും കാണാന്‍ കഴിഞ്ഞില്ല. ഇവര്‍ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് താമസിച്ചിരുന്ന നിര്‍ധന കുടുംബം നാലു മാസം മുമ്പാണ് പുളിയംതുരുത്തില്‍ വാടകക്ക് താമസം തുടങ്ങിയത്.