gujarat

ഗാന്ധിനഗർ: പതിവ്രതയാണെന്ന് തെളിയിക്കാൻ യുവതിയുടെ കൈ തിളച്ച എണ്ണയിൽ മുക്കിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മുപ്പതുകാരിക്കാണ് പരിക്കേറ്റത്. സെപ്തംബർ പതിനാറിന് വിജാപൂർ താലൂക്കിലെ ഗെരിറ്റ ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഭർത്താവിന്റെ സഹോദരിയും മറ്റുമൂന്നുപേരും ചേർന്നാണ് കൈകൾ എണ്ണയിൽ മുക്കാൻ നിർബന്ധിച്ചതെന്നാണ് യുവതി പറയുന്നത്. ഒരു സ്ത്രീയും മറ്റുമൂന്നുപേരും ചേർന്ന് യുവതിയെ തിളച്ച എണ്ണയിൽ കൈമുക്കാൻ നിർബന്ധിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. പൊള്ളലേറ്റതിനെത്തുടർന്ന് യുവതി നിലവിളിച്ചുകൊണ്ട് കൈകൾ എണ്ണയിൽ നിന്ന് പിൻവലിക്കുന്നതും വീഡിയോയിൽ കാണാം.

യുവതിക്ക് ഭർത്താവിനോട് തീരെ വിശ്വാസമില്ലെന്നാണ് അയാളുടെ സഹോദരി ജമുന ആരോപിക്കുന്നത്. ഇത് തെളിയിക്കുന്നതിനാണ് അഗ്നിപരീക്ഷ നടത്താൻ തീരുമാനിച്ചത്. ജമുനയും ഭർത്താവും മറ്റുരണ്ടുപുരുഷന്മാരും ചേർന്നാണ് അഗ്നിപരീക്ഷയ്ക്ക് വിധേയയാക്കിയത്. പതിവ്രതയാണെങ്കിൽ എണ്ണയിൽ കൈമുക്കിയാലും പൊള്ളലേൽക്കില്ലെന്നാണ് ഇവർ യുവതിയോട് പറഞ്ഞത്. ഇവരുടെ നിർബന്ധം ശക്തമായതോടെയാണ് യുവതി എണ്ണയിൽ കൈമുക്കിയത്. ജമുന, ഭർത്താവ് മനുഭായ് താക്കൂർ, മറ്റുരണ്ടുപേർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരെ അറസ്റ്റുചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

പണ്ടുകാലത്ത് കേരളത്തിലും ഇത്തരത്തിലുളള ദുരാചാരങ്ങൾ നിലവിലുണ്ടായിരുന്നു. എന്നാൽ നാടുപുരോഗമിച്ചതോടെയാണ് ഇതിന് മാറ്റംവന്നത്. എന്നാൽ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ദുരാചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിന് ഏറ്റവുംനല്ല ഉദാഹരണമാണ് ഗുജറാത്തിലെ സംഭവം.