
കാസർകോട്: ആഗോള അയ്യപ്പ സംഗമം കുതന്ത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയിലെ സ്വർണം വിറ്റാണോ അയ്യപ്പ സംഗമം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുളള രാഷ്ട്രീയ നാടകമാണ് ഇപ്പോൾ നടക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു. പമ്പാ നദീതീരത്ത് നടന്ന അയ്യപ്പ സംഗമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയുടെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ചവർ നടത്തുന്ന ആഗോള അയ്യപ്പ സംഗമം ഒട്ടും ആത്മാർഥതയില്ലാത്തതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്വർണക്കേസിൽ തീരുമാനം വന്നിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് മുൻ സ്ഥാനാർത്ഥി കെ ജെ ഷൈനെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. കാസർകോട് ഡിസിസിയിൽ നടക്കുന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ കപട ഭക്തനെ പോലെയാണ് അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. അയ്യപ്പസംഗമത്തിന്റെ ബോർഡുകളിൽ അയ്യപ്പനില്ല, പിണറായി വിജയനും വാസവനും മാത്രമെയുള്ളൂ. പിണറായി ഭരണകൂടം എന്താണ് ശബരിമലയിൽ ചെയ്തതെന്ന് അയ്യപ്പഭക്തർക്കും വിശ്വാസികൾക്കും നല്ല ഓർമ്മയുണ്ട്. അതൊന്ന് ഓർമ്മപ്പെടുത്താൻ അയ്യപ്പ സംഗമം സഹായിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപടഭക്തിയാണ് അയ്യപ്പ സംഗമമെന്ന് ഒന്നു കൂടി തെളിഞ്ഞിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.