
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വിവിധ എയ്‌ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആർ.പി.ഡബ്ല്യൂ.ഡി. ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് സംബന്ധിച്ചു സർക്കാർ തുടർമാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്. ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ നിയമനംമൂലം മറ്റുനിയമനങ്ങൾ തടസം കൂടാതെ നടത്തുന്നതിനുള്ള നടപടികളും ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ചു വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
'സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി നിയമനം പൂർണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബർ 18നും 2021 നവംബർ എട്ടിനും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായും 2021 നവംബർ എട്ടിന് ശേഷമുണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് ദിവസവേതന അടിസ്ഥാനത്തിലും നിയമനം നൽകുന്നതിനുമാണ് കോടതി നിർദേശിച്ചത്.
ഭിന്നശേഷി വിഭാഗം ഉദ്യോഗാർത്ഥിയെ ലഭ്യമാക്കി ബാക്ക്‌ലോഗ് പരിഹരിച്ച് മാനേജർ നിയമിക്കുകയും, ഈ ഉദ്യോഗാർത്ഥിക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുന്ന മുറയ്‌ക്കോ, ആർ.പി.ഡബ്ല്യൂ.ഡി ആക്ട് രണ്ടായിരത്തി പതിനാറ് സെക്ഷൻ മുപ്പത്തി നാലിൽ രണ്ട് പ്രകാരം നടപടികൾ പൂർത്തീകരിക്കുന്ന മുറയ്‌ക്കോ പ്രസ്തുത കാറ്റഗറിയിൽ പ്രൊവിഷണലായി തുടരുന്ന മറ്റ് നിയമനങ്ങൾ, നിയമന തീയതി മുതൽ വിദ്യാഭ്യാസ ഓഫീസർ പരിശോധിച്ച് റഗുലറൈസ് ചെയ്യാവുന്നതാണ്. ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർക്ക് ചട്ടപ്രകാരം സാദ്ധ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
പ്രൊവിഷണലായി ശമ്പള സ്‌കെയിലിൽ നിയമനാംഗീകാരം ലഭിച്ച ജിവനക്കാർക്ക് പെൻ നമ്പർ അനുവദിക്കുന്നതിനും, കെ.എസ്.ഇ.പി.എഫ്. അംഗത്വം, ഗ്രൂപ്പ് ഇൻഷുറൻസിൽ അംഗത്വം എന്നിവ നൽകുന്നതിനും 2024 ഏപ്രിൽ മൂന്നിന് ഉത്തരവായിട്ടുണ്ട്. താത്കാലിക നിയമന ലഭിച്ച ജീവനക്കാർക്ക് അതേ മാനേജ്‌മെന്റിന് കീഴിലുള്ള മറ്റു സ്‌കൂളുകളിലെ വ്യവസ്ഥാപിത ഒഴിവുകളിലേക്ക് നിലവിലുള്ള രീതിയിൽ തന്നെ തുടരുമെന്ന വ്യവസ്ഥയിൽ സ്ഥലംമാറ്റം അനുവദിക്കാവുന്നതാണ് എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്'- മന്ത്രി വ്യക്തമാക്കി.