police

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് വാഹനമോടിക്കാൻ നിയമപരമായി അനുമതിയില്ല. കുട്ടികൾ വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. മാത്രമല്ല, രക്ഷകർത്താവിനോ ആർ സി ഉടമസ്ഥനോ മൂന്ന് വർഷം വരെ തടവോ പിഴയോ ലഭിക്കാനും ഇത് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വാഹനമോടിക്കുമ്പോൾ ഷാൾ, സാരി തുടങ്ങിയ വസ്ത്രങ്ങൾ ടയറിൽ കുരുങ്ങിയുണ്ടാകുന്ന അപകടത്തെക്കുറിച്ചും പൊലീസ് മുന്നറിയിപ്പ് നൽകി. സ്ത്രീകൾ ധരിക്കുന്ന സാരി, ഷാൾ, ദുപട്ട, ദീർഘമായ വസ്ത്രങ്ങൾ തുടങ്ങിയവ പലപ്പോഴും ഇരുചക്രവാഹനത്തിന്റെ പിൻചക്രത്തിൽ കുടുങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. ഒരു നിമിഷം പോലും ശ്രദ്ധ വിട്ടുപോയാൽ ഇത്തരം വസ്ത്രങ്ങൾ വീലിൽ കുടുങ്ങി വലിയ അപകടങ്ങൾക്ക് കാരണമാകാം. പലപ്പോഴും വാഹനത്തോടൊപ്പം തന്നെ യാത്രക്കാരിയും നിലത്ത് വീഴുകയും ഗുരുതരമായ പരിക്കുകൾ നേരിടുകയും ചെയ്ത സംഭവങ്ങൾ വാർത്തകളിൽ വന്നിട്ടുമുണ്ട്.

അതുപോലെ, കൈയിൽ കരുതുന്ന ഹാൻഡ് ബാഗ്, ഷോപ്പിംഗ് ബാഗ്, മറ്റ് സാധനങ്ങൾ എന്നിവയും സുരക്ഷിതമായി പിടിക്കണം. ഇല്ലെങ്കിൽ അവയും വാഹനം ഓടിക്കുമ്പോൾ ചക്രത്തിൽ കുടുങ്ങാനുള്ള സാദ്ധ്യതയുണ്ട്. ഇത്തരം ചെറിയ വീഴ്ചകൾ പോലും ജീവൻ വരെ നഷ്ടപ്പെടുന്ന വലിയ അപകടങ്ങളിലേക്കാണ് നയിക്കുന്നത്. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കേരള പൊലീസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.