
തിരുവനന്തപുരം: സംസ്ഥാനത്തെ മരണാനന്തര അവയവദാന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ ശാസ്ത്രീയവശങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി മസ്തിഷ്ക മരണം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് കെ-സോട്ടോ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ)പ്രത്യേക പരിശീലനം നൽകി. ഡൽഹി എയിംസിലെ പ്രൊഫസറും പ്രമുഖ ന്യൂറോ സർജനുമായ ഡോ.ദീപക് കുമാർ ഗുപ്തയുടെ നേതൃത്വത്തിലായിരുന്നു ശിൽപശാല. മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ, മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനുള്ള ശാസ്ത്രീയവും നിയമപരവുമായ നടപടിക്രമങ്ങൾക്കൊപ്പം,രോഗിയുടെ കുടുംബാംഗങ്ങളുമായി എങ്ങനെയെല്ലാം ഫലപ്രദമായി ആശയവിനിമയം നടത്താം എന്നതിലും പരിപാടി ഊന്നൽ നൽകി.
മെഡിക്കൽ ലീഗൽ ഡോക്യുമെന്റേഷൻ സംബന്ധിച്ച് കേരള ഹൈക്കോടതി അഭിഭാഷകനും കെ-സോട്ടോയുടെ നിയമ ഉപദേഷ്ടാവുമായ അഡ്വ.വി.അജിത് ജോയ് സംസാരിച്ചു. മസ്തിഷ്ക മരണനിർണയത്തിലെ പ്രധാന ഘട്ടമായ അപ്നിയ പരിശോധന എങ്ങനെ നിർവഹിക്കണമെന്നതിനെക്കുറിച്ച് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ പ്രൊഫസറും മേധാവിയുമായ ഡോ. അനിൽ സത്യദാസ് വിശദീകരിച്ചു. കൂടാതെ,മസ്തിഷ്കമരണം നിർണയിക്കുന്നതിനുള്ള പ്രധാന പടിയായ ബ്രെയിൻ സ്റ്റെം റിഫ്ലെക്സുകളുടെ പരിശോധനയെക്കുറിച്ച് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ന്യൂറോ സർജറി മേധാവിയായ പ്രൊഫ.ഡോ.എച്ച്.വി.ഈശ്വർ ക്ലാസെടുത്തു. ശ്രീചിത്രയിലെ ന്യൂറോ അനസ്തേഷ്യ അഡീഷണൽ പ്രൊഫസറായ ഡോ.അജയ് പ്രസാദ് ഹൃഷി,കിംസ്ഹെൽത്ത് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ.ദീപ ദാസ്,ക്രിട്ടിക്കൽ കെയർ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.അജ്മൽ അബ്ദുൾ ഖരീമ്,കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവരും സംസാരിച്ചു.