
കൽപ്പറ്റ: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വൈത്തിരി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെ ഇതുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ കവർച്ചയ്ക്കും കേസെടുത്തിരിക്കുകയാണ്. കുഴൽപ്പണ കടത്തുകാരെ മർദ്ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. വൈത്തിരി സ്റ്റേഷനിലെ എസ്‌എച്ച്‌ഒ അനിൽകുമാർ, എഎസ്‌ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്‌ദുൾ ഷുക്കൂർ, അബ്‌ദുൾ മജീദ് എന്നിവരെയാണ് ഐജി സസ്‌പെൻഡ് ചെയ്തത്.
പിടിച്ചെടുത്ത കുഴൽപ്പണം റിപ്പോർട്ട് ചെയ്യാതെ പൂഴ്‌ത്തിവച്ചതിനാണ് നടപടി. ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐജി രാജ്‌പാൽ മീണ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.
ഈ മാസം 15നാണ് പൊലീസ് ഉദ്യോഗസ്ഥർ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ചുണ്ടേൽ സ്വദേശി കൊണ്ടുവന്ന 3.3 ലക്ഷം രൂപയാണ് വൈത്തിരി പൊലീസ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശികൾക്ക് കൈമാറാൻ കൊണ്ടുവന്ന പണമായിരുന്നു ഇത്. പണം പിടിച്ചെടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണവും സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയില്ല. ഇതോടെ ചുണ്ടേൽ സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായതായി കണ്ടെത്തിയത്. സിഐ അനിൽകുമാറിനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.