
കോട്ടയം: ആർപ്പൂക്കര മെഡിക്കൽ കോളേജ് ഹൈസ്‌കൂൾ മൈതാനത്തിന് സമീപത്തെ കുറ്റിക്കാടിനുള്ളിൽ നിന്ന് കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്റേതെന്ന് റിപ്പോർട്ട്. പ്രാഥമിക ഫോറൻസിക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടുതൽ പരിശോധന തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നടക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചോടെ ഫുട്‌ബാൾ പരീശീലനം നടത്തുന്ന കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. തുടർന്ന് പരിശീലകനെ അറിയിച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി. എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പൊലീസും, ഫോറൻസിക് വിദഗ്ദ്ധരും അസ്ഥികൂടം ശേഖരിച്ചു. തലയോട്ടിയുടെയും വാരിയെല്ലിന്റെയും, തുടയെല്ലിന്റെയും അസ്ഥിയാണ് ലഭിച്ചത്.
അസ്ഥികൂടത്തിന് മൂന്നു മുതൽ ആറുമാസത്തെ പഴക്കമുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. സമീപത്തുനിന്ന് ഒരു ഡബിൾ മുണ്ടും, നീല റബർ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹാവശിഷ്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രദേശത്ത് നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പ്രാഥമികാന്വേഷണം. അടുത്തകാലത്തായി പ്രദേശത്ത് ഒരു സ്ത്രീയുടെ തിരോധാനക്കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രദേശത്തുനിന്ന് കഴിഞ്ഞ പത്തുവർഷത്തിനിടെ കാണാതായവരുടെ വിവരം ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.