
കൊളംബിയ: യുഎസിലെ സൗത്ത് കരോലിനയിൽ ഗുജറാത്തി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ 21കാരൻ അറസ്റ്റിൽ. സെപ്തംബർ 16ന് നടന്ന വെടിവയ്‌പ്പിനിടെ കിരൺ പട്ടേൽ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ സീഡൻ മാക്ക് ഹിൽ എന്ന യുവാവാണ് അറസ്റ്റിലായത്. ഡിഡി ഫുഡ് മാർട്ടിന്റെ പാർക്കിംഗ് ഏരിയയിലാണ് 49കാരിയായ കിരണിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇതേദിവസം തന്നെ യൂണിയൻ കൗണ്ടിയിൽ ചാൾസ് നഥാൻ ക്രോസ്‌ബൈ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിയാണ് സീഡൻ.
യൂണിയൻ കൗണ്ടിയിൽ ഗ്യാസ് സ്റ്റേഷൻ ഉൾപ്പെടുന്ന കടയിലെ ജീവനക്കാരിയാണ് കിരൺ. സംഭവദിവസം രാത്രി പത്തരയോടെ രജിസ്റ്ററിലെ പണമെണ്ണുന്നതിനിടെ ഇവിടെയെത്തിയ പ്രതി കിരണിനുനേരെ വെടിയുതിർക്കുകയും പണം കൈക്കലാക്കുകയുമായിരുന്നു. വെടിവയ്പ്പിനിടെ കിരൺ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നാലെയെത്തി തുടർച്ചയായി വെടിവച്ചു. പാർക്കിംഗ് ഏരിയയിൽവച്ച് വെടികൊണ്ടതോടെ കിരൺ ബോധരഹിതയായി വീണു. ഇതിനിടെ ഇവിടെനിന്ന് രക്ഷപ്പെട്ട പ്രതി അൽപസമയത്തിനുശേഷം തിരികെയെത്തി വീണ്ടും കിരണിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച സൗത്ത് കരോലിന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷനും യൂണിയൻ പബ്ളിക് സേഫ്‌ടി ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ സൗത്ത് ചർച്ച് സ്ട്രീറ്റിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയും ഉദ്യോഗസ്ഥരുമായി ഉന്തും തള്ളുമുണ്ടായി. ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. കൊലക്കുറ്റം ചുമത്തിയ പ്രതിയെ യൂണിയൻ കൗണ്ടി ജയിലിൽ തടവിലാക്കി.