sabarimala

പത്തനംതിട്ട: അ​റ്റക്കു​റ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് സ്വർണപ്പാളികൾ ശബരിമലയിലെത്തിച്ചത്. കോടതി അനുമതി വാങ്ങി പാളികൾ തിരികെ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. അനുമതി ലഭിക്കുന്നതുവരെ സ്വർണപ്പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. 2019ൽ സ്ഥാപിച്ച സ്വർണപ്പാളികൾ കോടതി അനുമതി ഇല്ലാതെ കൊണ്ടുപോയത് വലിയ വിവാദമായിരുന്നു.

അതേസമയം, സ്വർണപ്പാളികളുടെ ഭാരം കുറഞ്ഞതിൽ ഹൈക്കോടതി വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മൂന്നാഴ്ചയ്ക്കുളളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ദേവസ്വം ബോർഡ് സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ദ്വാരപാലക ശില്പങ്ങളുടെ താങ്ങ് പീഠങ്ങൾ സ്‌ട്രോങ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ബുധനാഴ്ച സ്വർണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. 2019ൽ സ്വർണം പൂശാനായി സ്വർണപ്പാളികൾ ചെന്നൈയിലേക്ക് എടുത്തുകൊണ്ടുപോയപ്പോൾ 42 കിലോഗ്രാമായിരുന്നു. തിരികെ കൊണ്ടുവന്നപ്പോൾ സ്വർണപ്പാളികളുടെ ഭാരത്തിൽ നാല് കിലോഗ്രാം കുറവുളളതായി കാണുന്നുവെന്നും കോടതി നിരീക്ഷിച്ചു. ദേവസ്വത്തിനുവേണ്ടി ദേവസ്വം ചീഫ് സെക്യൂരി​റ്റി ഓഫീസറാണ് വിവരങ്ങൾ നേരിട്ട് ഹാജരാക്കിയത്.

ശബരിമലയിലെ വസ്തുവകകളെക്കുറിച്ചുളള വിവരങ്ങളാണ് ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസർ കോടതിയെ ധരിപ്പിച്ചത്. ഈ രേഖകൾ പരിശോധിച്ചപ്പോഴാണ് കോടതി സംശയങ്ങൾ ചോദിച്ചത്. സ്വർണപ്പാളി ശബരിമലയിൽ എത്തിച്ചപ്പോൾ എന്തുകൊണ്ട് ഭാരം പരിശോധിച്ചില്ലെന്നും ഹൈക്കോടതി ചോദിച്ചു.

സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്‌പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി നിർണായക വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ദ്വാരപാലക ശില്പങ്ങൾക്ക് വേറൊരു പീഠം കൂടി നിർമിച്ച് നൽകിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 'ശില്പങ്ങള്‍ക്ക് രണ്ടാമതൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോള്‍ പുതിയത് നിര്‍മിച്ചു. എന്നാൽ അളവിൽ വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോങ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പീഠം എവിടെയെന്നതില്‍ ഇപ്പോൾ വ്യക്തതയില്ല. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോള്‍ പീഠത്തെക്കുറിച്ച് തിരക്കിയിരുന്നു. അതിന് മറുപടി ലഭിച്ചില്ല. വിജിലൻസ് അന്വേഷണം നടക്കട്ടെ'- അദ്ദേഹം പറഞ്ഞു.