home

റായ്‌പുർ: പഞ്ചായത്ത് പ്രസിഡന്റിന് വോട്ട് ചെയ്യാത്തതിന് ബുൾഡോസർ ഉപയോഗിച്ച് വീട് തകർത്തുവെന്ന് പരാതി. ഛത്തീസ്ഗഢിലെ ബെമെതാര ജില്ലയിലാണ് സംഭവം നടന്നത്. ഗദാമോദ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഹാജൻ മൻഹാരെയുടെ നിർദേശപ്രകാരമാണ് കുടുംബത്തെ ഗ്രാമം ഒറ്റപ്പെടുത്തുകയും വീട് തകർക്കുകയും ചെയ്തത്.

പത്തുപേരടങ്ങുന്ന കുടുംബാംഗങ്ങൾ താമസിച്ചിരുന്ന വിജയ് ലക്ഷ്മി മൻഹാരെയുടെ വീടാണ് തകർത്തത്. അനധികൃതമായി കെെവശപ്പെടുത്തിയ സ്ഥലത്താണ് വീട് നിർമിച്ചതെന്നാരോപിച്ചായിരുന്നു നടപടി. സംഭവത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും ജില്ലാ പൊലീസ് മേധാവിക്കും തഹസിൽദാർക്കും കുടുംബം പരാതി നൽകി.

'25 വർഷമായി താമസിച്ച വീടാണ് തഹസിൽദാരുടെയും ലോക്കൽ പൊലീസ് സ്റ്റേഷൻ ഇൻചാർജിന്റെയും സാന്നിദ്ധ്യത്തിൽ ഇടിച്ചുനിരത്തിയത്. ഞങ്ങൾക്ക് നീതിയും നഷ്ടപരിഹാരവും വേണം'- വിജയ് ലക്ഷ്മി മൻഹാരെ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് നേരത്തെ പ്രസിഡന്റ് പറഞ്ഞതായും കുടുംബം ആരോപിക്കുന്നു.

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിപ്രകാരം കുട്ടികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഗ്രാമത്തിലെ മറ്റ് കുട്ടികൾക്കൊപ്പം അവരെ കളിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും കുടുംബം പറയുന്നു. അതേസമയം,​ ഗ്രാമസഭയ്ക്ക് അവരുടെ അധികാരപരിധിയിലുള്ള നിയമനടപടികൾ പാലിച്ച് അനധികൃത കയ്യേറ്റം നീക്കം ചെയ്യാൻ അധികാരമുണ്ടെന്ന് ബെമെതാര ജില്ലാ കളക്ടർ രൺബീർ ശർമ്മ പറഞ്ഞു.

'സംഭവത്തെക്കുറിച്ച് ഇപ്പോഴാണ് ഞാൻ അറിഞ്ഞത്. കുടുംബത്തെ സാമൂഹികമായി ബഹിഷ്കരിക്കപ്പെടുന്ന നടപടിയെ ശക്തമായി അപലപിക്കുന്നു. അവർക്കുള്ള സാമൂഹിക ക്ഷേമ പദ്ധതികൾ നിഷേധിക്കാൻ ആർക്കും അവകാശമില്ല. ക്ഷേമ പദ്ധതികൾ നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കും'- കളക്ടർ വ്യക്തമാക്കി.