ramya-krishnan

തെന്നിന്ത്യയിൽ നിറയെ ആരാധകരുളള നടിയാണ് രമ്യാ കൃഷ്ണൻ. അഞ്ച് ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളിൽ നായികയായും പ്രതിനായികയായും എത്തിയ നടി ഇപ്പോൾ സ്വഭാവ കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്യുന്നത്. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കൃഷ്ണ വംശിയാണ് രമ്യയുടെ ഭർത്താവ്.

തമിഴ് സൂപ്പ‌ർസ്റ്റാർ രജനികാന്തിന്റെ പടയപ്പ എന്ന ചിത്രത്തിലെ രമ്യയുടെ വേഷം അധികമാരും മറന്നുകാണില്ല. നായകനെ വെല്ലുന്ന തരത്തിലുളള വേഷമാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് രമ്യാ കൃഷ്ണന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

'പടയപ്പയിൽ സ്​റ്റൈൽമന്നൽ രജനികാന്തിനെ പോലും സൈഡാക്കിയുളള രമ്യാ കൃഷ്ണന്റെ അഭിനയം ഒരിക്കലും മറക്കാൻ കഴിയില്ല. 29-ാമത്തെ വയസിലാണ് ആ സിനിമയിൽ അഭിനയിക്കുന്നത്. സിനിമ കണ്ടിറങ്ങിയ രജനികാന്തിന്റെ ആരാധകർ രമ്യാ കൃഷ്ണന്റെ വീട് ആക്രമിക്കാൻ പോയത് വലിയ വാർത്തയായതാണ്. രജനി കാന്ത് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

ജയറാം നായകനായ ആടുപുലിയാട്ടത്തിലെ നായിക രമ്യാ കൃഷ്ണനായിരുന്നു. ആ ചിത്രത്തിൽ അഭിനയിക്കാൻ ഒരു ദിവസത്തെ പ്രതിഫലം രണ്ടുലക്ഷമായിരുന്നു. അഞ്ച് ഭാഷകളിലായി 200ൽ അധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അവയിൽ നിന്ന് മാസ്മരിക അഭിനയമാണ് ബാഹുബലിയിൽ അവർ കാഴ്ചവച്ചത്. ശിവകാമിയെന്ന രാജമാതായുടെ വേഷമാണ് അവർ അവതരിപ്പിച്ചത്. ആ വേഷം അവതരിപ്പിക്കാനായി ആദ്യം കാസ്​റ്റ് ചെയ്തിരുന്നത് അന്തരിച്ച നടി ശ്രീദേവിയെയായിരുന്നു. അവർ വൻപ്രതിഫലവും സൗകര്യങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഒഴിവാക്കിയത്. ഈ വിവരം രാജമൗലി വെളിപ്പെടുത്തിയപ്പോൾ നിഷേധിച്ചുകൊണ്ട് ശ്രീദേവിയും രംഗത്തെത്തിയിരുന്നു. പ്രായം കൂടുംതോറും സൗന്ദര്യവും ആരാധകരും കൂടുന്ന സുപ്പർസ്​റ്റാർ മമ്മൂട്ടിയുടെ ഫീമെയ്ൽ വെർഷനെന്നാണ് രമ്യാ കൃഷ്ണനെ ആരാധകർ വിശേഷിപ്പിക്കുന്നത്'- ആലപ്പി അഷ്‌റഫ് പറഞ്ഞു.