
നിരവധി കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തരംഗമായ നടിയാണ് കത്രീന കെെഫ്. 2006ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'ബൽറാം VS താരാദാസ്' എന്ന ചിത്രത്തിൽ നായികയായ കത്രീന മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടിയാണ്. 42-ാം വയസിലും യുവത്വം തുളുമ്പുന്ന ചർമ്മമാണ് കത്രീനയ്ക്കുള്ളത്. എങ്ങനെയാണ് നടി ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ തിളക്കം നിലനിർത്തുന്നതെന്ന് അറിയാമോ?
അടുത്തിടെ നടി തന്നെ ഒരു അഭിമുഖത്തിൽ അതിനുള്ള ഉത്തരവും നൽകിയിട്ടുണ്ട്. അമിത പണചെലവില്ലാതെയാണ് താൻ സൗന്ദര്യം നിലനിർത്തുന്നതെന്നാണ് നടി അവകാശപ്പെടുന്നത്. 'രാവിലെ ഉറക്കം ഉണർന്ന ഉടൻ രണ്ടോ മൂന്നോ ഗ്ലാസ് ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നു. ആ വെള്ളത്തിൽ ചിലപ്പോൾ ഇഞ്ചിയോ നാരങ്ങയോ ചേർക്കാറുണ്ട്' - കത്രീന പറഞ്ഞു.
ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് തുടങ്ങിയ നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇത് ആരോഗ്യത്തെ സംരക്ഷിക്കുകയും വാർദ്ധക്യ സഹജമായ ചർമ്മ വ്യത്യാസത്തെ തടയുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. അതുപോലെ തന്നെ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ ഇലാസ്തികതയും ആരോഗ്യവും മെച്ചപ്പെടുത്താനും നാരങ്ങ സഹായിക്കുന്നു. കൂടാതെ കത്രീന രാവിലെ റിലാക്സ് യോഗ മൂവ്മെന്റുകൾ പോലുള്ള ചില ലഘു വ്യായാമങ്ങളും ചെയ്യാറുണ്ട്. ഈ രാവിലെയുള്ള വ്യായാമം ചർമ്മത്തിന്റെ വാർദ്ധക്യം, സ്‌കിൻ ക്യാൻസർ, സോറിയാസിസ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നതായി അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.