-elephant

ന്യൂഡൽഹി: ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിലെ ആഫ്രിക്കൻ ആനയായ ശങ്കർ കഴിഞ്ഞ 17-ാം തീയതിയാണ് ചരിഞ്ഞത്. ഹൃദയത്തിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമാക്കാൻ കൂടുതൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.

മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് ശങ്കർ ഭക്ഷണം കഴിക്കുന്നത് നിർത്തിയതായി അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്ന് ഷെഡിൽ കുഴഞ്ഞുവീണ ആനയ്ക്ക് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ബറേലിയിലെ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (IVRI), ആരോഗ്യ ഉപദേശക സമിതി, പരിസ്ഥിതി മന്ത്രാലയ പ്രതിനിധികൾ എന്നിവർ ചേർന്നാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടത്തുന്നത്. അണുബാധ മൂലമോ അല്ലെങ്കിൽ വിഷച്ചെടി മൂലമോ ആവാം ഹൃദയത്തിൽ രക്തം കട്ടപിടിച്ചതെന്ന് വിദഗ്ധർ പറയുന്നു.

സിംബാബ്‌വേയിൽ നിന്നും ഇന്ത്യയിൽ എത്തിച്ച ഡൽഹിയിൽ അവശേഷിച്ച ഏക ആഫ്രിക്കൻ ആനയായിരുന്നു ശങ്കർ. ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമ്മയ്ക്ക് സിംബാബ്‌വേ സർക്കാർ സമ്മാനമായി നൽകിയ രണ്ട് ആഫ്രിക്കൻ ആനകളിൽ ഒന്നായി 1998ലാണ് ശങ്കർ ഇന്ത്യയിൽ എത്തുന്നത്. 2001ൽ കൂട്ടാളിയായ ആഫ്രിക്കൻ ആന ചരിഞ്ഞതിന് ശേഷം കഴിഞ്ഞ 24 വർഷത്തോളമായി ഏകാന്തവാസത്തിലായിരുന്നു ശങ്കർ. മൃഗശാലയിലെ മറ്റ് ഏഷ്യൻ ആനകളോട് ഒരിക്കലും ശങ്കർ കൂട്ടുകൂടിയിരുന്നില്ല.

2009ലെ നിയമപ്രകാരം ആറ് മാസത്തിൽ കൂടുതൽ ഒരാനയെ ഒറ്റയ്ക്ക് നിർത്താൻ പാടില്ല. എന്നാൽ 2012 മുതൽ ശങ്കർ പൂർണമായും മൃഗശാലയിൽ ഒറ്റയ്ക്കായി. ശങ്കറിനെ മൃഗശാലയിൽ നിന്ന് മാറ്റാനും ആഫ്രിക്കൻ വനാന്തരങ്ങളിലേക്കയക്കാനും വർഷങ്ങളായി മൃഗസ്‌നേഹികൾ ശ്രമിച്ചിരുന്നു. എന്നാൽ സർക്കാർ ഇത് കേട്ടതായി നടിച്ചില്ല. 29 വയസിലാണ് ശങ്കർ ചരിഞ്ഞത്. ഇത് ആനകളെ സംബന്ധിച്ച് ചെറിയ പ്രായമാണ്.