p

വാഷിംഗ്ടൺ: എച്ച്- 1 ബി വർക്കർ വിസയ്ക്ക് ഒരു ലക്ഷം ഡോളർ (88 ലക്ഷത്തിലേറെ രൂപ)​ ഏർപ്പെടുത്തിയത് വാർഷിക ഫീസ് അല്ലെന്ന് വിശദീകരിച്ച് അമേരിക്ക. പുതിയ പെറ്റീഷന് (അപേക്ഷ) ഇടാക്കുന്ന ഒറ്റത്തവണ ഫീസാണിതെന്ന് വൈറ്റ് ഹൗസ് വക്താവ് കാരലൈൻ ലെവിറ്റ് അറിയിച്ചു. വിദേശ ഐ.ടി പ്രൊഫഷണലുകളെയടക്കം എച്ച്- 1 ബി വിസയിൽ യു.എസിലെത്തിക്കാൻ ഒരു കമ്പനി സമർപ്പിക്കുന്നതാണ് പെറ്റീഷൻ.

നിലവിലെ എച്ച്- 1 ബി വിസ ഉടമകൾക്കും പുതുക്കുന്നവർക്കും ഇത് ബാധകമല്ലെന്നും വ്യക്തമാക്കി. സെപ്‌തംബർ 21ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾക്കും ഒരു ലക്ഷം ഡോളർ ഈടാക്കില്ല. പുതുതായി അപേക്ഷിക്കുന്നവർക്കാണ് ബാധകം. പുതിയ ഫീസ് ഇന്നലെ മുതൽ പ്രാബല്യത്തിലായി.

മൂന്നുവർഷ വിസാ കാലയളവിനിടെ, ഓരോ വർഷവും ഒരു ലക്ഷം ഡോളർ വീതം ഫീസ് ഈടാക്കുമെന്നാണ് ശനിയാഴ്ച യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് പറഞ്ഞത്.

ഇത് ഇന്ത്യൻ ഐ.ടി പ്രൊഫണലുകളെയടക്കം ആശങ്കയിലാഴ്ത്തിയിരുന്നു. യു.എസിന് പുറത്തുപോയ എച്ച്- 1 ബി വിസക്കാർ 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്തണമെന്ന് ശനിയാഴ്ച കമ്പനികൾ മുന്നറിയിപ്പ് നൽകിയതും ഉത്കണ്ഠ സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തിൽ യു.എസ് വ്യക്തത വരുത്തിയത്.

അമേരിക്കൻ കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് നോൺ ഇമിഗ്രന്റ് വിസയായ എച്ച്- 1 ബി. കമ്പനികളാണ് പുതിയ ഫീസ് സർക്കാരിന് നൽകേണ്ടത്. വിസ പരിഷ്കാരം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാൻ യു.എസിലെ ഇന്ത്യൻ എംബസി +1-202-550-9931 എന്ന അടിയന്തര ഹെൽപ്പ്ലൈൻ ഏർപ്പെടുത്തി.

പുറത്തു പോകാൻ തടസമില്ല

1. നിലവിലുള്ള എച്ച്- 1 ബി വിസക്കാർ യു.എസിന് പുറത്താണെങ്കിൽ തിരികെയെത്തുമ്പോൾ ഫീസ് ഈടാക്കില്ല

2. ഇവർക്ക് രാജ്യത്തിന് പുറത്തുപോകുന്നതിനും തിരിച്ചെത്തുന്നതിനും തടസമില്ല

3. ദേശീയ താത്പര്യം മുൻനിറുത്തിയുള്ള വിസാ അപേക്ഷയ്ക്ക് ഫീസ് ഈടാക്കില്ല. ഇതിന്റെ മാനദണ്ഡം യു.എസ് വ്യക്തമാക്കിയിട്ടില്ല