
കൃഷി ചെയ്യാന്‍ മനസ്സും താത്പര്യവുമുണ്ടെങ്കില്‍ നൂറ് മേനി കൊയ്യാനാകുന്ന നിരവധി വിളകള്‍ക്ക് കേരളം അനുകൂല കാലാവസ്ഥയുള്ള മണ്ണാണ്. മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ഉന്നത ഉദ്യോഗം മുതല്‍ പ്രവാസ ജീവിതം വരെ അവസാനിപ്പിച്ച് കൃഷിയെ മുറുകെപിടിച്ച് ജീവിത സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ ആയിരക്കണക്കിന് ആളുകള്‍ നമുക്കിടയിലുണ്ട്. അധികം കേട്ട് പരിചയമില്ലാത്ത എന്നാല്‍ ഒരു കൈ നോക്കിയാല്‍ വന്‍ തുക ലാഭമായി കൊയ്യാന്‍ കഴിയുന്ന ഒരു ചെടിയാണ് തിപ്പലി. ഔഷധഗുണങ്ങളാല്‍ സമ്പന്നമായ തിപ്പലിക്ക് വിദേശത്ത് ഉള്‍പ്പെടെ ആവശ്യക്കാര്‍ നിരവധിയാണ്.
ചെറുതിപ്പലി, വന്‍തിപ്പലി, നീര്‍തിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി എന്നിങ്ങനെ നിരവധി തരം തിപ്പലികളുണ്ട്. കായകള്‍ ഉണ്ടായതിന് ശേഷം ഇത് കറുത്ത നിറത്തിലേക്ക് രൂപമാറ്റം സംഭവിക്കും. തുടര്‍ന്ന് ഇവയെ ഉണക്കിയെടുത്താണ് ഔഷധമായി ഉപയോഗിക്കുന്നത്. കാഴ്ചയില്‍ കുരുമുളകുമായി വളരെ അധികം സാമ്യമുള്ള ചെടി കൂടിയാണ് തിപ്പലി. എന്നാല്‍ കുരുമുളക് വളരുന്നത് പോലെ ഉയരത്തില്‍ ഇവ വളരുകയില്ല.
മണ്ണും മണലും ചാണകപ്പൊടിയും ചേര്‍ത്തു നിറച്ച പോളിത്തീന്‍ ബാഗുകളില്‍ 1520 സെന്റി മീറ്റര്‍ നീളമുള്ള തണ്ടുകള്‍ നട്ട് വേരുപിടിപ്പിച്ചാണ് നടുന്നതിന് പാകമാക്കിയെടുക്കുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ തിപ്പലി കൃഷി ചെയ്യാന്‍ അനുയോജ്യമല്ല. അത്യാവശ്യം തണല്‍ കൂടി ഉള്ള സ്ഥലമാണ് തിപ്പലിയുടെ വളര്‍ച്ചയ്ക്ക് നല്ലത്. ഉണങ്ങിയ തിപ്പലിയ്ക്ക് ചില സമയങ്ങളില്‍ ഔഷധ വിപണിയില്‍ 1200 രൂപ വരെ ലഭിക്കാറുണ്ട്. കാഴ്ചയിലെ സാമ്യത മാത്രമല്ല തിപ്പലിക്ക് കുരുമുളകുമായുള്ള ബന്ധം. കുരുമുളകിന്റെ വിവിധയിനങ്ങളെ തിപ്പലിയുമായി ഗ്രാഫ്റ്റ് ചെയ്ത് പ്രതിരോധശേഷി കൂടിയ തൈകള്‍ ഉല്‍പാദിപ്പിക്കാനും കഴിയും.