
കോഴിക്കോട്: സിറ്റിയുടെ പല ഭാഗങ്ങളിലും എം.ഡി.എം.എ എത്തിച്ച് ചില്ലറ വിൽപന നടത്തുന്ന കേസിൽ കൂട്ടുപ്രതിയായ യുവാവ് പിടിയിൽ. പൊക്കുന്ന് എടശ്ശേരി താഴം റാഹിൽ നിവാസിൽ മുഹമ്മദ് റാഹിൽ (25 ) നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. മേയ് 20 നാണ് കേസിനാസ്പദമായ സംഭവം. രാമനാട്ടുകര ഫ്ലൈ ഓവർ ജംഗ്ഷനിൽ വെച്ച് കാറിൽ വിൽപ്പനയ്ക്കായി കടത്തി കൊണ്ടു പോകുകയായിരുന്ന 0.298 ഗ്രാം എം.ഡി.എയുമായി മുഹമ്മദ് നവാസ്, ഇംതിഹാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് കൂട്ടുപ്രതിയായ റാഹിൽനെ കുറിച്ച് വിവരം ലഭിച്ചത്. മീഞ്ചന്ത , പന്തീരങ്കാവ് എന്നിവിടങ്ങളിലെ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലുമാണ് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.