fish

കൊച്ചി: കേരളതീരത്ത് മുങ്ങിയ എല്‍സ 3 കപ്പലിലെ ഇന്ധനച്ചോര്‍ച്ച തുടരുന്നത് കടലിലെ സൂക്ഷ്മജീവികള്‍ക്കും മത്സ്യങ്ങള്‍ക്കും ദീര്‍ഘകാല ഭീഷണിയാണെന്ന കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പഠനറിപ്പോര്‍ട്ട് മത്സ്യമേഖലയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു. സമുദ്ര ആവാസവ്യവസ്ഥയെയും മത്സ്യബന്ധന വിഭവങ്ങളെയും സംരക്ഷിക്കാന്‍ ഇന്ധനച്ചോര്‍ച്ച അടയ്ക്കണമെന്നും ആഘാതം ദീര്‍ഘകാലം നിരീക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൗമശാസ്ത്ര മന്ത്രാലയത്തിലെ സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജി (സി.എം.എല്‍.ആര്‍.ഇ) ശാസ്ത്രജ്ഞര്‍ ജൂണ്‍ രണ്ട് മുതല്‍ 12 വരെ കൊച്ചിക്കും കന്യാകുമാരിക്കുമിടയില്‍ 23 സ്ഥലങ്ങളും അവശിഷ്ടങ്ങളും പരിശോധിച്ചു. മേയ് 25നാണ് കപ്പല്‍ മുങ്ങിയത്.


കണ്ടെത്തലുകള്‍ ഭയാനകം

അപകടം നടന്നതിന് രണ്ട് ചതുരശ്ര മൈല്‍ ചുറ്റളവില്‍ എണ്ണപ്പാളി വ്യാപിച്ചു. എണ്ണയിലെ മാലിന്യങ്ങള്‍ ജലത്തില്‍ കലര്‍ന്നു.

നാഫ്തലീന്‍, ഫ്ളൂറീന്‍, ആന്ത്രാസീന്‍, ഫിനാന്‍ത്രീന്‍, ഫ്ളൂറാന്തീന്‍, പൈറീന്‍ തുടങ്ങിയ സംയുക്തങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തി. നിക്കല്‍, ലെഡ്, ചെമ്പ്, വനേഡിയം എന്നിവയുള്‍പ്പെടെ പെട്രോളിയവുമായി ബന്ധപ്പെട്ട മൂലകങ്ങള്‍ ജലത്തിലും അവശിഷ്ടങ്ങളിലുമുണ്ട്.

സമുദ്ര ഭക്ഷ്യശൃംഖലയുടെ അടിത്തറയായ മൃഗപ്ലവകങ്ങളില്‍ (സൂപ്ലാങ്ക്ടണ്‍) പെട്രോളിയത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലൂടെ മത്സ്യങ്ങളിലേക്കും അന്തിമമായി മനുഷ്യരിലേക്കും എത്തും.

മത്സ്യമുട്ടകളും ലാര്‍വകളും നശിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി.

തീരത്തിനോടടുത്ത് അടിത്തട്ടിലെ ജീവിവര്‍ഗങ്ങള്‍ അപകടം നടന്ന് ദിവസങ്ങള്‍ക്കകം കുത്തനെ കുറഞ്ഞു.

കപ്പലിന് ചുറ്റും ഹൈഡ്രോകാര്‍ബണ്‍ മലിനീകരണം കണ്ടെത്തി.

സീല്‍ ചെയ്യാത്ത കണ്ടെയ്‌നറുകളില്‍ നിന്ന് ചോര്‍ച്ച തുടരുന്നതിന്റെ സൂചന ലഭിച്ചു.

കടല്‍പ്പക്ഷികളുടെ തൂവലുകളില്‍ എണ്ണ കലര്‍ന്നത് കണ്ടെത്തിയത് പക്ഷികള്‍ക്കും ഉപരിതലജീവികള്‍ക്കും അപകടസാദ്ധ്യത വ്യക്തമാക്കുന്നു.

കടല്‍ക്ഷോഭത്തിനും ഒഴുക്കിനും ശേഷം നിരവധി ദിവസങ്ങള്‍ കഴിഞ്ഞിട്ടും എണ്ണ നിലനില്‍ക്കുന്നത് തുടര്‍ച്ചയായ ചോര്‍ച്ചയും അപകടസാദ്ധ്യതയും വ്യക്തമാക്കുന്നു.


മുങ്ങിയത് നിര്‍ണായക മേഖലയില്‍

ഏഷ്യയിലെ ഏറ്റവും ഉത്പാദനക്ഷമമായ മലബാര്‍ അപ്പു വെല്ലിംഗ് മേഖലയിലെ പ്രധാനപ്പെട്ട ക്വയിലോണ്‍ ബാങ്കിലാണ് കപ്പല്‍ മുങ്ങിയത്. ചോര്‍ച്ച ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചാല്‍ മത്സ്യലഭ്യതയെയും തൊഴിലാളികളുടെ ജീവിത മാര്‍ഗത്തെയും ബാധിക്കുമെന്നാണ് ആശങ്ക.


മുങ്ങിയ കപ്പലില്‍

ഫര്‍ണസ് ഓയില്‍ 367 ടണ്‍

ലോസള്‍ഫര്‍ 84 ടണ്‍


മത്സ്യമേഖലയുടെ സംരക്ഷണത്തിനും നഷ്ടപരിഹാരത്തിനും കൂടുതല്‍ ഉത്തരവാദിത്വപൂര്‍ണമായ സമീപനം സര്‍ക്കാരുകള്‍ സ്വീകരിക്കണം. രക്ഷാദൗത്യത്തിന് ചുമതലപ്പെടുത്തിയ കമ്പനി പിന്മാറിയതും പുതിയ കമ്പനി പ്രവര്‍ത്തനം തുടരാത്തതും ദുരൂഹമാണ്. - ചാള്‍സ് ജോര്‍ജ്, പ്രസിഡന്റ്, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി