chatgpt

വാഷിംഗ്‌ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സ്വാധീനം മനുഷ്യരുടെ ദൈനംദിന ജീവിതത്തെ നല്ലരീതിയിലും മോശം രീതിയിലും ബാധിക്കാറുണ്ട്. എളുപ്പത്തിൽ ഒരു വിഷയത്തെക്കുറിച്ച് ലേഖനങ്ങൾ തയ്യാറാക്കാനും പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ രോഗം എന്താണെന്ന് തിരിച്ചറിയാനും എഐ സഹായിക്കുന്നുണ്ട്. എന്നാൽ അമേരിക്കയിൽ നിന്നുളള ഒരു വയോധികയ്ക്ക് എഐയുടെ സഹായത്തോടെ ഭീമൻ തുക ലോട്ടറിയായി ലഭിച്ചിരിക്കുകയാണ്. വെർജീനിയയിലെ മിഡ്‌ലോത്തിയനിലെ താമസക്കാരിയായ എഡ്വേർഡ്സിനാണ് ഭാഗ്യം കടാക്ഷിച്ചിരിക്കുന്നത്.

ഈ മാസം എട്ടിനാണ് വെർജീനിയയിലെ ലോട്ടറി പവർബോൾ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്. 50,000 ഡോളറാണ് (ഏകദേശം 44 ലക്ഷം രൂപ) സമ്മാനത്തുക. ലോട്ടറി ടിക്ക​റ്റിന്റെ നമ്പർ തിരഞ്ഞെടുക്കാൻ വയോധിക ചാ​റ്റ്ജിപിടിയുടെ സഹായം തേടുകയായിരുന്നു. എഐ തിരഞ്ഞെടുത്ത ആദ്യത്തെ അഞ്ച് നമ്പരുകളിൽ നാലെണ്ണവും പവർബോളുമായി യോജിച്ചിരുന്നു. അങ്ങനെയാണ് 50,000 ഡോളർ സമ്മാനമായി ലഭിച്ചത്. എന്നാൽ പവർപ്ലേ ഓപ്ഷനായി ഒരു ഡോളർ കൂടി നൽകിയതോടെ അവരുടെ സമ്മാനത്തുക മൂന്നിരട്ടിയായെന്നും (ഏകദേശം 1.32 കോടി) ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

യാദൃശ്ചികമായാണ് നമ്പർ തിരഞ്ഞെടുക്കാൻ ചാ​റ്റ്ജിപിടിയോട് ആവശ്യപ്പെട്ടതെന്നും എഡ്വേർഡ്‌സ് വെളിപ്പെടുത്തി. രണ്ട് ദിവസത്തിനുളളിൽ തന്റെ ഫോണിലേക്ക് ഒരു മെസേജ് വരികയായിരുന്നു. ദയവായി നിങ്ങളുടെ ലോട്ടറി തുക കൈപ്പ​റ്റൂവെന്നായിരുന്നു മെസേജ്. അതൊരു തട്ടിപ്പായിരിക്കാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് കാര്യം മനസിലായതെന്ന് വയോധിക പറഞ്ഞു.

തനിക്ക് ലഭിച്ച ലോട്ടറി സമ്മാനം മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സമ്മാനത്തുകയുടെ ഒരു ഭാ​ഗം അസോസിയേഷൻ ഫോർ ഫ്രണ്ടോടെമ്പറൽ ഡീജനറേഷനാണ് എഡ്വേർഡ്സ് നൽകിയത്. അവിടെ വച്ചാണ് കഴിഞ്ഞ വർഷം അവരുടെ ഭർത്താവ് അസുഖം മൂലം മരിച്ചത്. രണ്ടാമത്തെ ഭാ​ഗം റിച്ച്മണ്ടിലെ ഷാലോം ഫാംസിലേക്കാണ് നൽകിയത്. അവിടെ എഡ്വേർഡ്സ് നേരത്തെ തന്നെ സാമ്പത്തികസഹായം നൽകുന്നുണ്ടായിരുന്നു. വയോധികയുടേത് ഒരു നേവി കുടുംബമായിരുന്നു.‌ അങ്ങനെ, മൂന്നാമത്തെ ഭാ​ഗം നേവി മറൈൻ കോർപ്സ് റിലീഫ് സൊസൈറ്റിയിലേക്കാണ് അവർ നൽകിയത്.