
ലണ്ടൻ: മാർവൽ സൂപ്പർ ഹീറോ സ്‌പൈഡർമാൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് നടൻ ടോം ഹോളണ്ട് ഷൂട്ടിംഗിനിടെ അപകടത്തിൽപ്പെട്ടു. സ്‌പൈഡമാൻ സീരീസിൽ വരാനിരിക്കുന്ന 'സ്‌പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 19ന് നടന്ന ഷൂട്ടിംഗിനിടെയായിരുന്നു അപകടം. താരത്തിന്റെ തലയ്ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്.
അപകടത്തിൽ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ടെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. 200 മില്യൺ ഡോളർ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്‌പൈഡർമാന്റെ പുതിയ സീരീസ് ഇംഗ്ലണ്ടിലെ വാട്ട്‌ഫോർഡിലുള്ള ലീവ്സ്ഡൻ സ്റ്റുഡിയോയിലാണ് ചിത്രീകരിക്കുന്നത്. അപകടത്തെത്തുടർന്ന് ഷൂട്ടിംഗ് ആഴ്ചകളോളം നിർത്തിവച്ചിരിക്കുകയാണ്. എപ്പോൾ പുനഃരാരംഭിക്കുമെന്ന കാര്യങ്ങളിൽ വ്യക്തതയില്ല.
മാർവലിന് ഒപ്പം സോണിയും ചേർന്നാണ് പുതിയ സ്‌പൈഡർമാൻ ചിത്രം നിർമിക്കുന്നത്. ഷൂട്ടിംഗിനിടെ അപകടം സംഭവിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് നിർമ്മാതാക്കൾ. ചിത്രീകരണം തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സോണി ഇന്ന് യോഗം ചേരുമെന്നാണ് വിവരം. സ്റ്റുഡിയോയുടെ അടുത്തിറങ്ങാൻ പോകുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നുമാണ് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'.