vinod

എം 80 മൂസ എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് വിനോദ് കോവൂർ. വിനോദ് കോവൂർ എന്ന പേര് കേൾക്കുമ്പോൾ ആളുകളുടെ മനസിൽ ഓടിയെത്തുന്നത് പരമ്പരയിലെ 'മൂസാക്ക' എന്ന കഥാപാത്രത്തെയാണ്. സിനിമയിലും സീരിയലിലും ഉപയോഗിക്കുന്ന തനത് കോഴിക്കോട് ഭാഷാ ശൈലിയും വിനോദിനെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ കേരളത്തിലെ കലാകാരന്മാർ ഒരുകാലത്ത് നേരിട്ടിരുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറയുകയാണ് നടൻ. കേന്ദ്ര സർക്കാർ ജീവനക്കാർ ഒരു മാസം സമ്പാദിക്കുന്നതിനേക്കൾ പണം തങ്ങളെപ്പോലുള്ള കലാകാരന്മാർ ഉണ്ടാക്കുന്നുണ്ടെന്നും എന്നാൽ അത് സ്ഥിരവരുമാനമുള്ള ജോലി അല്ലാത്തതുകൊണ്ട് സമൂഹത്തിന് മുന്നിൽ ഒരു വിലയുമില്ലെന്ന് വിനോദ് കോവൂർ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനോദ് ഇക്കാര്യം വ്യക്തമാക്കിയത്.

വിനോദ് കോവൂരിന്റെ വാക്കുകളിലേക്ക്
'ഒരു പതിമൂന്ന് വീടുകളിൽ ഞാൻ പെണ്ണുകാണാൻ പോയിട്ടുണ്ട്. ഈ വീടുകളിൽ പെൺകുട്ടികളെ ഇഷ്ടപ്പെടും. പെൺകുട്ടികൾ ഇങ്ങോട്ടും ഇഷ്ടപ്പെടും. പക്ഷേ, വീട്ടുകാർ പറയും കലാകാരനായതുകൊണ്ട് പെണ്ണുകൊടുക്കാൻ പറ്റില്ല എന്ന്. ജോലി വേണം. ജോലിയുണ്ടെങ്കിലേ അവർ പെണ്ണുകൊടുക്കൂ. അങ്ങനെ പറയുമ്പോൾ ഭയങ്കര സങ്കടം തോന്നും.

ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന് ഒരു മാസം ലഭിക്കുന്ന ശമ്പളത്തേക്കാൾ നമ്മൾ ഉണ്ടാക്കുന്നുണ്ട്. പക്ഷേ, അത് ശമ്പളമല്ലല്ലോ? കൂലിയല്ലേ. അതിന് വിലയില്ല. അങ്ങനെ കുറേ കല്യാണങ്ങൾ മുടങ്ങി. എന്റെ ഭാര്യ പതിനാലാമത്തെ ആളാണ്. ഭാര്യയുടെ വീട്ടിൽ നിന്നും ആദ്യം പ്രശ്നങ്ങളുണ്ടായിരുന്നു.

കൊടുക്കണോ വേണ്ടയോ എന്ന ആലോചന ഉണ്ടായിരുന്നു. ഞാൻ അവളെ പ്രത്യേകം പോയി കണ്ട് ഇക്കാര്യം പറഞ്ഞു, 'എനിക്ക് ഇനി പെണ്ണുകാണാൻ വയ്യ. നിന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. നീ ഒന്ന് വാശിപിടിച്ചാൽ കല്യാണം നടക്കും. പൊന്നുപോലെ ഞാൻ നോക്കിക്കൊള്ളാം. ഒരു കുഴപ്പമുണ്ടാകില്ല'- വിനോദ് പറഞ്ഞു.