
പ്രണയബന്ധങ്ങളിൽ ഉയർന്നു വരുന്ന നിരാശകൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ നിരവധി യുവജനങ്ങളാണ് കല്യാണത്തോട് തന്നെ മടുപ്പ് പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള പുതിയ പഠനമനുസരിച്ച്, ഇണയോ പങ്കാളിയോ ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നാലു പേരെടുത്താൽ അതിൽ ഒരാളെങ്കിലും വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തവരാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
നിലവിലെ വിവാഹ സമ്പ്രദായം കാലഹരണപ്പെട്ടുവെന്നാണ് ചിലർ വാദിക്കുന്നത്. നിങ്ങൾ അതിനോട് യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ? എന്ന ചോദ്യത്തിന് മറുപടിയായി,ഒരു സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം 39ശതമാനത്തോളം പേർ യോജിക്കുന്നുവെന്ന് മറുപടി പറഞ്ഞതായാണ് പ്യൂ റിസർച്ച് സെന്ററിന്റെ പഠനത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
1978ൽ വിവാഹം കാലഹരണപ്പെടുകയാണോ എന്ന ചോദ്യം ആദ്യമായി ഒരു കൂട്ടം അമേരിക്കക്കാരോട് ഗവേഷകർ ചോദിക്കുമ്പോൾ വെറും 28ശതമാനം പേർ മാത്രമാണ് അന്ന് ഈ കാര്യത്തോട് യോജിച്ചത്. ഇന്നത്തെ കാലത്ത് ആളുകൾ അവിവാഹിതരായി ഇരിക്കാനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നതെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. യുഎസിലെ മുതിർന്നവരിൽ ഏകദേശം 72ശതമാനത്തോളം പേർ 1960-ൽ സന്തുഷ്ടരായി വിവാഹിതരായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 2008 ആയപ്പോഴേക്കും ഇത് ഏകദേശം 52 ശതമാനമായി കുറഞ്ഞുവെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
വിവാഹമെന്ന പരമ്പരാഗത സങ്കൽപ്പം യുവജനങ്ങൾക്കിടിയിൽ പ്രത്യേകിച്ച് ജെൻ-സി (Gen Z) തലമുറയിലും ഒരുപാട് മാറ്റം കൊണ്ടു വന്നു . ഇന്ന് പലരും വ്യക്തിപരമായ വളർച്ചയ്ക്കും, സ്വാതന്ത്ര്യത്തിനുമാണ് മുൻഗണന നൽകുന്നത്. അതിനാൽ ആരെയും വിവാഹം കഴിക്കാതെ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരാളുടെ ബെസ്റ്റ് ചോയിസായിട്ടാണ് പലരും കാണുന്നത്.