big-billion-sale

ബംഗളൂരു: ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിന്റെ ഈ വർഷത്തെ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന് നാളെ തുടക്കമാകും. വൻ ഓഫറുകളുമായി ഉപഭോക്താക്കൾ കാത്തിരിക്കുന്ന ഈ സമയം സെയിലിനായുള്ള ഒരുക്കങ്ങൾ കാണിക്കുന്ന ഒരു വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.

ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കാൻ ജീവനക്കാർ രാവും പകലും ജോലി ചെയ്യുന്നതിന്റെ കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളത്. ജോലികൾക്കിടെ ജീവനക്കാർക്ക് ഓഫീസിൽ രാത്രി തങ്ങേണ്ടി വരുമെന്നും, അതിനായി കിടക്കകളും തലയിണകളും ഓഫിസിലെത്തിച്ചതായും വീഡിയോയിൽ പറയുന്നു.

ഫ്ലിപ്കാർട്ട് ജീവനക്കാരിലൊരാളാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ബംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓഫീസിലേക്ക് കിടക്കകളും തലയിണകളും ഇറക്കുന്ന ട്രക്കിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. "ബിഗ് ബില്യൺ ഡേയ്സ് നീണ്ട വാരാന്ത്യമായിരിക്കുമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. "അതെ, ഞങ്ങൾ ഓഫീസിൽ രാത്രിയിൽ തങ്ങാറുണ്ട് എന്ന ഹാഷ്ടാഗുകളോടെ ജീവനക്കാരൻ കുറിക്കുകയും ചെയ്തു.

സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉയർന്നുവരുന്നത്. ജോലിഭാരത്തെക്കുറിച്ച് ചിലർ തമാശ പറയുമ്പോൾ, മറ്റ് ചിലർ ടോക്സിക്കായ തൊഴിൽ സംസ്കാരത്തെ ചോദ്യം ചെയ്തു. "വിഷലിപ്തമായ തൊഴിൽ സംസ്കാരത്തെ മഹത്വവൽക്കരിക്കുന്നത് ഇപ്പോഴൊരു ട്രെൻഡായി മാറിയിരിക്കുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തു. റീൽസിൽ പാട്ടുവച്ചാൽ ഇത്തരം തൊഴിൽ സംസ്കാരം മറച്ചുവയ്ക്കാനാവില്ല. ഓവർടൈമിന് ജീവനക്കാർക്ക് പണം നൽകണമെന്നും മറ്റൊരു ഉപയോക്താവ് ആവശ്യപ്പെട്ടു.

അതേസമയം ചിലർ കമ്പനിയെ പിന്തുണച്ചും രംഗത്തെത്തി. ഉറക്കമില്ലാത്ത ഓരോ രാത്രികൾക്ക് പിന്നിലും നാളത്തെ വിജയമാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഇലക്ട്രോണിക്സ്, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, സ്മാർട്ട്ഫോണുകൾ, പലചരക്ക് സാധനങ്ങൾ എന്നിവയ്ക്കാണ് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ വൻ കിഴിവുകൾ ലഭിക്കുമെന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്.

View this post on Instagram

A post shared by Simrann M Bhambani (@marketingwithsim)