
കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അറസ്റ്റിലായ എക്‌സൈസ് ഡ്രൈവർക്ക് സസ്‌പെൻഷൻ. ഫറോക്കിൽ എഡിസൺ കെ ജെയ് എന്ന ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
എഡിസൺ ഓടിച്ച ഫറൂക്ക് റേയ്‌ഞ്ച് ഓഫീസിലെ എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതിനുതൊട്ടുപിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മദ്യപിച്ച് വാഹനമോടിക്കുക, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്യുക എന്നീ കുറ്റങ്ങളാണ് എഡിസനെതിരെ ചുമത്തിയിരുന്നത്.