
ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും പാകിസ്ഥാനെ പപ്പടമാക്കി ഇന്ത്യ മുന്നേറുകയാണ്. കളത്തിനകത്തും പുറത്തും പാകിസ്ഥാനെ റോസ്റ്റ് ചെയ്യാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കാതിരിക്കുകയെന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇപ്പോള്‍. ഗ്രൂപ്പ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പാക് നായകന്‍ സല്‍മാന്‍ അലി ആഗയ്ക്ക് കൈ കൊടുക്കാനോ മത്സരത്തിന് ശേഷം പാക് ടീമിന് ഹസ്തദാനം നടത്താനോ തയ്യാറാകാതെയുള്ള സൂര്യയുടെ നെഞ്ചും വിരിച്ചുള്ള ആ നടപ്പ് ഇന്ത്യന്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് ശേഷം നടന്ന പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ പാക് മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നല്ല കുറിക്ക് കൊള്ളുന്ന മറുപടിയാണ് സൂര്യകുമാര്‍ യാദവ് നല്‍കിയിരിക്കുന്നത്. സമൂഹമാദ്ധ്യങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍ ഇത് ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. 'ആദ്യ മത്സരത്തില്‍ നിന്ന് സൂപ്പര്‍ ഫോറിലേക്ക് എത്തിയപ്പോള്‍ പാകിസ്ഥാന്‍ മെച്ചപ്പെട്ടതായി തോന്നുന്നുണ്ടോ, ഇത് രണ്ട് ടീമും തമ്മിലുള്ള പോരാട്ടത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കിയെന്ന് തോന്നുന്നുണ്ടോ? എന്നായിരുന്നു പാകിസ്ഥാനില്‍ നിന്നുള്ള മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
ഇന്ത്യ - പാകിസ്ഥാന്‍ മത്സരം തുല്യ ശക്തികളുടെ പോരാട്ടം എന്ന് പറയാതെ പറഞ്ഞ മാദ്ധ്യമപ്രവര്‍ത്തകന് കണക്കിന് കൊടുക്കുകയായിരുന്നു സൂര്യകുമാര്‍. നോക്കൂ ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടങ്ങളെ എങ്ങനെയാണ് അത്തരത്തില്‍ വിശേഷിപ്പിക്കാന്‍ കഴിയുക? രണ്ട് ടീമുകള്‍ തമ്മില്‍ 15-20 മത്സരങ്ങള്‍ കളക്കുമ്പോള്‍ 8-7 എന്ന സ്‌കോര്‍ലൈന്‍ ഒക്കെ ആണെങ്കില്‍ അതിനെ തുല്യശക്തികളുടെ പോരാട്ടം എന്നി വിശേഷിപ്പിക്കാം. എന്നാല്‍ 10-1, 13-0 ഒക്കെ ആണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. അതെങ്ങനെ തുല്യശക്തികളുടെ പോരാട്ടമാകും, അതില്‍ എന്ത് കുടിപ്പകയാണുള്ളത്. അങ്ങനെ ഒന്ന് ഇപ്പോള്‍ നിലവിലില്ല- സൂര്യകുമാര്‍ പറഞ്ഞു.