bidu-

തിരുവനന്തപുരം : യു.ജി.സി പ്രസിദ്ധീകരിച്ച ലേണിംഗ് ഔട്ട്കം ബെയ്സ്ഡ് കരിക്കുലം കരടുരേഖ സംസ്ഥാന സർക്കാർ സ്വീകരിക്കില്ലെന്ന് മന്ത്രി ഡോ. ആർ ബിന്ദു കേന്ദ്ര സർക്കാരിനെ അറിയിച്ചു. സർവ്വകലാശാലകളുടെ സ്വയംഭരണത്തെ ഗുരുതരമായി ലംഘിക്കുന്നതാണ് യു.ജി.സി കരടുരേഖയെന്നും മന്ത്രി പറഞ്ഞു.

യു.ജി.സി തയ്യാറാക്കിയ രേഖ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിരീക്ഷണങ്ങൾ പരിശോധിച്ചാണ് തീരുമാനം . കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ധർമ്മേന്ദ്ര പ്രധാനും യുജിസി ചെയർപേഴ്സൺ വിനീത് ജോഷിയ്ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചെന്നും മന്ത്രി വ്യക്തമാക്കി.

സിലബസും കോഴ്സ് ഘടനയും വായനാ പട്ടികയും എല്ലാം നിർദ്ദേശിച്ചുകൊണ്ടുള്ള ഈ നടപടി യു.ജി.സിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കും അപ്പുറത്തുള്ളവയാണ്. രാജ്യത്തിന്റെ ധൈഷണികവും സാമൂഹികവുമായ സാഹചര്യങ്ങളെപ്പറ്റി അക്കാദമികമായും ദാർശനികമായും ഈ രേഖയ്ക്ക് കാഴ്ചപ്പാടില്ല. പ്രത്യയശാസ്ത്രപരമായ ഒളിച്ചുകടത്തലുകളോടെ പാശ്ചാത്യ മാതൃകകളെ അവതരിപ്പിക്കുകയാണിതിൽ ചെയ്തിരിക്കുന്നത്. 'ഇന്ത്യൻ ജ്ഞാന സമ്പ്രദായം' എന്ന പേരിൽ വിഭാഗീയവും പല സാമൂഹ്യവിഭാഗങ്ങളെയും തിരസ്കരിക്കുന്നതുമായ ഊന്നലുകളാണ് രേഖയ്ക്കുള്ളത്. അക്കാദമികമായി യോഗ്യമല്ലാത്ത കാലഹരണപ്പെട്ട ചട്ടക്കൂടാണിതിൽ അവതരിപ്പിച്ചിരിക്കുന്നത്. രേഖ പിൻവലിച്ച് പുനരവലോകനം നടത്താൻ യു.ജി.സി തയ്യാറാവണം. സ്വീകാര്യമായ മാതൃക രൂപവത്കരിക്കുന്നതിനു മുമ്പ് സംസ്ഥാന സർക്കാരുകളോടും സർവ്വകലാശാലകളോടും അക്കാദമിക് സമൂഹത്തോടും നേരായ കൂടിയാലോചനാ പ്രക്രിയ ആരംഭിക്കണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.